അപകടം കണ്മുമ്പില്….കാണാന്‍ കഴിയാതെ അധികൃതര്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡില്‍ റോഡരികില്‍ ഒടിഞ്ഞു രണ്ടായി തൂങ്ങിനില്‍ക്കുന്ന വൈദ്യുതി തൂണ്.
നഗരമധ്യത്തില്‍ തെരുവോര വൈദ്യുതി തൂണ് ഒടിഞ്ഞു രണ്ടായി തൂങ്ങിനില്ക്കാന് തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു
ഇരിങ്ങാലക്കുട: നഗരസഭയുടെ തെരുവോര വൈദ്യുതി തൂണ് ഒടിഞ്ഞു രണ്ടായി പിളര്‍ന്നു തൂങ്ങിനില്ക്കാന് തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ഏറെ തിരക്കുള്ള കൂടല്‍മാണിക്യം റോഡില്‍ അക്കര ടെക്സ്റ്റില്‍സ് പാര്‍ക്കിംഗിന് മുന്നിലാണ് അപകടാവസ്ഥയില്‍ റോഡിലോട്ട് തള്ളി പോസ്റ്റ് നില്‍ക്കുന്നത്. ഏറെ അപകടകരമായ വിധത്തില്‍ താഴെ വീഴാറായി കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. നിരത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഏറെ അപകട ഭീഷണിയാണ് ഈ വൈദ്യുതി തൂണ്.
വൈദ്യുത തൂണ് റോഡരികിലല്ല, റോഡില്‍ തന്നെയാണൂ സ്ഥിതിചെയ്യുന്നു എന്നുള്ളതാണ് വേറെ വിരോധാഭാസം. ഇരിങ്ങാലക്കുട നഗരസഭയുടെ ഡ്രൈനേജ് കം ഫുട്പാത്ത് പദ്ധതി വര്‍ഷങ്ങള്‍ക്കു മുന്‍പ് നടപ്പിലാക്കിയപ്പോള്‍ ബസ് സ്റ്റാന്‍ഡ് കൂടല്‍മാണിക്യം റോഡരികിലെ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ചിരുന്നില്ല, ഇതുമൂലം ഇവ റോഡില്‍ തന്നെയാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. പല വാഹനങ്ങളും ഇതില്‍ തട്ടി അപകടം പതിവാണ്. രാത്രി ഏതോ ഒരു വാഹനം ഇതില്‍ ഇടിച്ചാണ് പോസ്റ്റ് രണ്ടായി ഒടിഞ്ഞു തൂങ്ങിയത്. സമീപത്തെ വ്യാപാരികള്‍ പോലീസില്‍ അറിയിക്കുകയും അവര്‍ വന്ന് അന്ന് കെട്ടിവെച്ച അവസ്ഥയിലാണ് വൈദ്യുതി തൂണ് ഇപ്പോഴും നില്‍ക്കുന്നത്.
വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വന്ന് ഇലക്ട്രിക് വയര്‍ മാറ്റുകയും കണക്ഷന് വിച്ഛേദിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനില്‍ക്കുന്ന നാലമ്പല തീര്‍ത്ഥാടനക്കാലമായതിനാല്‍ ഈ വഴിയില്‍ രാത്രിയും പകലും വാഹനത്തിരക്കാണ്. ഇതിനിടയിലാണ് വഴിമുടക്കിയായി വൈദ്യുതി തൂണ് ഒടിഞ്ഞു തൂങ്ങി നില്‍ക്കുന്നത്. വൈദ്യുതി തൂണ് നഗരസഭയുടെ ആയതിനാല്‍ അത് മാറ്റേണ്ട ചുമതല നഗരസഭയ്ക്ക് ആണ്. വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവരെ അറിയിച്ചെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. ശക്തമായ മഴയിലും കാറ്റിലും താഴെ വിഴാമെന്ന അവസ്ഥയിലാണ്. പോസ്റ്റിന്റെ ഒരു ഭാഗം ഇപ്പോഴും റോഡിലോട്ട് തള്ളി നില്‍ക്കുകയാണ്. ഈ അനാസ്ഥ അപകടം ക്ഷണിച്ചു വരുത്തും എന്നതില്‍ സംശയമില്ല.