മലയാളിയെ പിന്തള്ളി മണിപ്പൂരിക്കാരി അഞ്ചു മലയാളി മങ്ക

മലയാളി മങ്കയായി തെരഞ്ഞെടുത്ത മണിപ്പൂരിക്കാരി അഞ്ചു.
ഇരിങ്ങാലക്കുട: കസവുമുണ്ടും പച്ച ബൗസും ഉടുത്ത് തലയില്‍ മൂല്ലപ്പൂവും ചൂടി കയ്യിലെ പൂക്കൂടയില്‍ പൂക്കളുമായി നിറഞ്ഞ സദസില്‍ ചെറുപുഞ്ചിരിയോടെ മലയാള തനിമയില്‍ അവള് പറഞ്ഞു. സ്വദേശം മണിപ്പൂരാണ്, ജയിക്കാനല്ല, മറിച്ച് നിങ്ങളുടെ മനസില്‍ ചേക്കേറുവാനാണ് എനിക്കിഷ്ടം. ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും വിദ്യാര്ഥികളൊന്നാകെ ആര്‍പ്പുവിളികളായി. ഓണാഘോഷത്തിന് മാറ്റു കൂട്ടി ഇന്നലെ സെന്റ് ജോസഫ്സ് കോളജില്‍ നടന്ന മലയാളി മങ്ക മത്സരത്തില്‍ ഏവരുടെയും മനം കവര്‍ന്ന് ഒന്നാമതെത്തിയ മണിപ്പൂരിക്കാരി അഞ്ചുവിന്റെ വാക്കുകളാണിത്.
ഏറെ കരഘോഷത്തോടൊണ് വിദ്യാര്‍ഥികള്‍ ഇവരെ മത്സരത്തിനായി വേദിയിലേക്ക് സ്വീകരിച്ചത്. എല്ലാവര്ക്കും നമസ്കാരം, എന്നു പറഞ്ഞായിരുന്നു തുടക്കം. പരിചയപ്പെടുത്തിയതും മലയാള ഭാഷയില്‍ തന്നെ. അവസാനമായി പൂവിളി…. പൂവിളി… പൊന്നോണമായി…. നീ വരു, നീ വരു…. പൊന്നോണതുമ്പി എന്നീ രണ്ടു വരി ഓണപ്പാട്ടും പാടിയത് അതിരില്ലാത്ത അവേശം നിറച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ മനസില്‍ ഈ മണിപ്പൂരിക്കാരി ഇടം പിടിക്കുകയായിരുന്നു.
കോളജിലെ രണ്ടാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് അഞ്ചു. രണ്ടാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ഥി വേദ രഞ്ചിത്ത് ഒന്നാം റണ്ണറപ്പായും മൂന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിനി ടി.എന്‍. ഇഷ രണ്ടാം റണ്ണറപ്പുമായും തെരഞ്ഞെടുത്തു. 30 ഓളം വിദ്യാര്‍ഥിനികള്‍ മത്സരത്തില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി കിരീടമണിയിച്ചു. സെല്‍ഫ് ഫിനാന്‍സ് കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റോസ് ബാസ്റ്റിന് ഷാളണിയിച്ചു. കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍മാരായ ലോവേന ഒസേപ്പ്, എം.പി. ആതിര എന്നിവരായിരുന്നു കോ- ഓര്‍ഡിനേറ്റേഴ്സ്.
