മഹാത്മാഗാന്ധി പാര്ക്ക് നവീകരണം; കേന്ദ്രഫണ്ട് ലഭിച്ചിട്ടും പണിയാനാളില്ല
മഹാത്മ പാര്ക്ക് കാടു കയറിയ നിലയില്.
പരാതിയുമായി കൗണ്സിലറുടെ നേതൃത്വത്തില് പ്രദേശവാസികള്
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി പാര്ക്കിന്റെ നവീകരണ പദ്ധതി എറ്റെടുക്കാന് കരാറുകാരുടെ കനിവ് കാത്ത് ഇരിങ്ങാലക്കുട നഗരസഭ വാര്ഡ് 25 കൗണ്സിലര് സ്മിത കൃഷ്ണകുമാര്. മഹാത്മ പാര്ക്കിന്റെ നവീകരണത്തിനായി 35 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ടിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച് കഴിഞ്ഞ് ടെണ്ടര് നടപടികളിലേക്ക് എത്തിയിട്ടും ടെണ്ടര് എടുക്കാന് ആളില്ലെന്നും ഫണ്ട് പാഴായിപ്പോകുമെന്ന ആധി നഗരസഭ ഭരണകൂടത്തിന്റെ മുമ്പില് അവതരിപ്പിക്കാന് പാര്ക്ക് ക്ലബ് അംഗങ്ങളെയും കൂട്ടിയാണ് കൗണ്സിലര് നഗരസഭയില് എത്തിയത്.
കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ദീര്ഘകാലത്തെ ചരിത്രമുള്ള മഹാത്മ പാര്ക്ക് കാടും വാഴകളും നിറഞ്ഞ് അനാശാസ്യ പ്രവര്ത്തനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പാര്ക്ക് ക്ലബ് അംഗങ്ങളും നഗരസഭ സെക്രട്ടറിയെ ധരിപ്പിച്ചു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയില് വന്നപ്പോള് സഞ്ചരിച്ചിരുന്ന റോഡായ മഹാത്മാ റോഡിനരികെയാണ് ഈ പാര്ക്ക്.
രാഷ്ട്ര പിതാവിന്റെ പേരിലുള്ള ഈ പാര്ക്കില് ഭരണാധികാരികളുടെ അവഗണന മൂലം വാഴകളും കാടും പുല്ലും വളര്ന്നിരിക്കുകയാണ്. തൊണ്ണൂറുകളില് ആള് കേരള ബോള് ബാഡ്മിന്റണ് ടൂര്ണ്ണമെന്റ് നടന്ന വേദി കൂടിയാണിത്. 2006 മുതല് 2017 വരെ തൃശൂര് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്, യംഗ്സ്റ്റേഴ്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില് സമ്മര് കോച്ചിംഗ് ക്യാമ്പും ഇവിടെ നടന്നിരുന്നു. ഒഴിവ് ദിനങ്ങളിലും അവധിക്കാലത്തും ക്രിക്കറ്റ് ഉള്പ്പടെയുള്ള കളികള്ക്കായി കുട്ടികള് ധാരാളമായി മഹാത്മാ പാര്ക്കില് എത്തിയിരുന്നു.
നഗരത്തിരക്കില് നിന്നുമാറി മഹാത്മാ ലൈബ്രറിക്ക് അഭിമുഖമായുള്ള പാര്ക്ക് ഒരു കാലത്ത് സാംസ്കാരിക നായകന്മാരുടെയും വിജ്ഞാനദാഹികളുടെയും കൂടിച്ചേരലിനും തുറന്ന ചര്ച്ചകള്ക്കുമുള്ള ഒരു തുറന്ന ഇടമായിരുന്നു. വയോജനങ്ങള് പ്രഭാത നടത്തത്തിനായും സൗഹൃദ സംഭാഷണത്തിനായ ഒത്തുചേരലിനും ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. നാശോന്മുഖമായിരിക്കുന്ന ഈ പാര്ക്കിലെ രണ്ട് ഇരിപ്പിടങ്ങള് അനാഥമായ കാഴ്ചയാണിപ്പോഴുള്ളത്.
കൂടല്മാണിക്യ ഉത്സവക്കാലത്ത് കാട്ടൂര്, കാറളം തുടങ്ങിയ കേന്ദ്രങ്ങളില് നിന്നുള്ള ഭക്തജനങ്ങള് സ്വകാര്യ വണ്ടികള് പാര്ക്ക് ചെയ്യാനും പാരക്ക് ഉപയോഗപ്പെടുത്തിയിരുന്നു. പട്ടണത്തിലെ റോഡ് നിര്മ്മാണ പ്രവൃത്തികള്ക്കായി ടാര് മിക്സ് ചെയ്യാനും റോഡുപണികളുടെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാനുള്ള കേന്ദ്രമായി അടുത്ത വര്ഷങ്ങളായി മഹാത്മാ പാര്ക്ക് മാറുകയായിരുന്നു.
പാര്ക്ക് വ്യത്തിയാക്കാനും പുല്ല് വെട്ടാനുമുള്ള ഒരു ശ്രമങ്ങളും അധികൃതര് നടത്തിയിട്ടില്ല എന്നുള്ളത് ഏറെ വിമര്ശനങ്ങളുയര്ന്നു. നിയമാനുസ്യതമായ നടപടികള് നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും കരാര് എടുപ്പിക്കാന് കൗണ്സിലറും ശ്രമിക്കണമെന്ന് സെക്രട്ടറി എം.എച്ച്. ഷാജിക്ക് മറുപടി നല്കി. ബില്ലുകള് പാസാക്കി നല്കാന് നഗരസഭ അധികൃതര് വൈകുന്നത് കൊണ്ടാണ് കരാറുകാര് നിര്മ്മാണ പ്രവര്ത്തനങ്ങള് ഏറ്റെടുക്കാന് തയ്യാറാകാത്തതെന്ന് കൗണ്സിലര് തുടര്ന്ന് പറഞ്ഞു. കാട് പിടിച്ച് കിടക്കുന്ന പാര്ക്ക് വ്യത്തിയാക്കാന് നടപടികള് സ്വീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നല്കി. ചെയര്പേഴ്സനെയും കണ്ട് വിവരങ്ങള് ധരിപ്പിച്ചിട്ടാണ് കൗണ്സിലറും പാര്ക്ക് ക്ലബ് അംഗങ്ങളും മടങ്ങിയത്.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര് സ്റ്റേഷനിലേക്ക് ഇന്വെര്ട്ടര് വിതരണം ചെയ്തു
കാട്ടൂര് പഞ്ചായത്ത് തണല് അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്ഗ്രസ് പ്രതിഷേധം
പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്ഷം കഠിനതടവും പിഴയും വിധിച്ചു
സെന്ട്രല് ഇലക്ട്രോകെമിക്കല് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടില് നിന്നും കെമിക്കല് സയന്സില് ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്പി സ്കൂളില് രക്ഷിതാക്കള്ക്കായുള്ള കലോത്സവം നടത്തി