കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം
ഇരിങ്ങാലക്കുട: ഭക്തരുടെ കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ത്ഥക്കര പ്രദക്ഷിണം. കുലീപിനീ തീര്ഥക്കരയിലൂടെ ചെമ്പട കൊട്ടി മേളത്തോടൊപ്പം വരിവരിയായി ആനകള്‍ നടന്നുപോകുന്നത് കലാസ്വാദകരുടെ കണ്ണിന് കുളിര്മയേകുന്ന കാഴ്ചയാണ്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം രൂപകല്പന ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കൊച്ചിരാജാവ് ശക്തന്തമ്പുരാന് തീര്‍ത്ഥക്കര പ്രദക്ഷിണം കാണുവാന്‍ വലിയ തമ്പുരാന് കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്ക്കാറുള്ളതായും പറയപ്പെടുന്നു. വിശാലമായ തീര്‍ഥക്കുളത്തിന്റെ തൊട്ടടുത്തുകൂടി ചെമ്പടമേളം കൊട്ടി പ്രദക്ഷിണം കടന്നുപോകുമ്പോള്‍ ഈ മേളത്തിന്റെ മാധുര്യമാര്‍ന്ന പ്രതിധ്വനി ദേശത്തെവിടെയും അലയടിക്കുന്നു. സ്വര്ണനെറ്റിപട്ടങ്ങളും വെള്ളി ചമയങ്ങളുമണിഞ്ഞ 17 ഗജവീരന്മാര് തീര്ഥക്കരയിലൂടെ വരിവരിയായി കിഴക്കേ നടയിലേക്ക് എഴുന്നള്ളിക്കുന്ന ഇത്രയും ശോഭയേറിയ രംഗം കേരളക്കരയില്‍ മറ്റൊരിടത്തും ഉണ്ടാകാറില്ല എന്നാണ് പറയുന്നത്. ഇന്നു രാവിലെ 8.30 ന് നടക്കുന്ന ശീവേലിയുടെ ഭാഗമായുള്ള പഞ്ചാരിമേളത്തിന് തിരുവല്ല രാധാകൃഷ്ണന് പ്രമാണം വഹിക്കും. രാത്രി 9.30 ന് നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന്റെ പഞ്ചാരിമേളത്തിന് പെരുവനം പ്രകാശന് മാരാര്‍ പ്രമാണം വഹിക്കും. ഇന്നലെ രാവിലെ നടന്ന ശീവേലിക്ക് പാറന്നൂര്‍ നന്ദന് തിടമ്പേറ്റി. വൈകീട്ട് നടന്ന വിളക്കെഴുന്നള്ളിപ്പിന് നായരമ്പലം രാജശേഖരന് തിടമ്പേറ്റി.