പൂമംഗലം പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ ചേർന്നു
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ആദ്യഘട്ടം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഹരിതസഭ യോഗം ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിനെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനും നാളിതുവരെ നടന്ന ശുചീകരണ മാലിന്യ സംസ്കരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തിക്കൊണ്ട് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ച ഹരിത സഭ യോഗം ക്രൈസ്റ്റ് കോളജ് മുൻ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ചാക്കോ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് സ്വാഗതം ആശംസിച്ചു. ഹരിതസഭയുടെ പാനൽ അംഗമായ ഷൈല നാഥൻ, ആസൂത്രണ സമിതി അംഗവും ഹരിതസഭ പാനൽ അംഗവുമായ ഗോകുൽദാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എ. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷ്, വാർഡ് മെമ്പർമാരായ കെ.എൻ. ജയരാജ്, ലത വിജയൻ, ജൂലി ജോയ്, സുമ അശോകൻ, ലാലി വർഗീസ് എന്നിവർ സന്നിഹിതരായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്ജ് പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഹരിതകർമ്മ സേന അംഗങ്ങളെ ആദരിക്കുകയും ഗ്രൂപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജിനേഷ് ഗ്രൂപ്പ് ചർച്ചക്ക് നേതൃത്വം നൽകി. കൂടുംബശ്രീ പ്രവർത്തകരും ഈ ചടങ്ങിൽ പങ്കെടുത്തു.