ഉല്ലാസയാത്ര ഇനി വയനാട്ടിലേക്ക്
ആദ്യയാത്ര 30ന് രാത്രി 12ന്
3250 രൂപയാണ് നിരക്ക്
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി അവധിദിവസങ്ങളില്‍ നടത്തിവരുന്ന ഉല്ലാസയാത്ര ഇനി വയനാട്ടിലേക്ക്. ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് വയനാട്ടിലേക്ക് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യാത്രകളാണ് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍നിന്ന് നടത്തുന്നത്. ആദ്യയാത്ര 30ന് രാത്രി 12ന് ഇരിങ്ങാലക്കുടയില്‍നിന്ന് ആരംഭിക്കും. താമസം, ഭക്ഷണം എന്നിവയടക്കം ഒരാള്‍ക്ക് 3250 രൂപയാണ് നിരക്ക്. ഒന്നാം ദിവസം ലക്കിടി, കരിന്തണ്ടന് സ്മാരകം, വൈത്തിരിയില്‍ രാവിലെ ഭക്ഷണം, എന്‍ ഊര്, പൂക്കോട് തടാകം എന്നിവ സന്ദര്‍ശിച്ചശേഷം വൈത്തിരി ഉച്ചഭക്ഷണം, തുടര്‍ന്ന് ബാണാസുര സാഗര്‍ ഡാം എന്നീ സ്ഥലങ്ങള്‍ കണ്ട് രാത്രി സുല്‍ത്താന്‍ ബത്തേരിയില്‍ താമസിക്കും. രണ്ടാം ദിവസം ജംഗിള്‍ സഫാരി, പ്രഭാതഭക്ഷണം, ജൈനമത ക്ഷേത്രം, എടയ്ക്കല്‍ ഗുഹ, അമ്പലവയലില്‍ ഉച്ചഭക്ഷണം, സൂചിപ്പാറ വെള്ളച്ചാട്ടം, ലക്കിടിയില്‍ അത്താഴം, രാത്രി എട്ടിന് തിരിച്ച് യാത്ര എന്ന രീതിയിലാണ് ക്രമീകരണം. ഇതിനുപുറമേ ജനുവരി 13, 27 എന്നീ ദിവസങ്ങളിലായി രണ്ട് യാത്രകളും വയനാട്ടിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 31ന് ന്യൂ ഇയര്‍ ആഘോഷരാവ് വാഗമണിലാണ്. രാവിലെ ഏഴിന് ട്രിപ്പ് ആരംഭിക്കും. ഉച്ചഭക്ഷണം, രാത്രിഭക്ഷണം, താമസം ഉള്‍പ്പെടെ മൂവായിരം രൂപയാണ് ചാര്‍ജ്. ജനുവരി ഒമ്പതിന് ഗവിയിലേക്ക് പുലര്‍ച്ചെ രണ്ടിന് യാത്ര പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തും. ഉച്ചഭക്ഷണം, ബോട്ടിംഗ് ഉള്‍പ്പെടെ 2250 രൂപയാണ് ചാര്‍ജ്. ഇതിനുപുറമേ ആഡംബര കപ്പല്‍യാത്ര, മൂന്നാര്‍ ജംഗിള്‍ സഫാരി, മലക്കപ്പാറ, നെല്ലിയാമ്പതി, വിദ്യാര്‍ഥികള്‍ക്കുള്ള വിനോദയാത്ര, പഠനയാത്ര ട്രിപ്പുകളും തുടരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും 9142626278, 04802823990.