മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച കൃതിയാണ് നളചരിതമെന്ന് ഡോ.എം.വി. നാരായണന്;
കൂടല്മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ചരിത്രസെമിനാറിന് സമാപനം
ഇരിങ്ങാലക്കുട: മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച ആദ്യത്തെ കൃതിയാണ് ഉണ്ണായിവാര്യരുടെ നളചരിതമെന്ന് ഡോ.എം.വി. നാരായണന്. കൂടല്മാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില് നടന്ന ചരിത്ര സെമിനാറില് -കഥകളിയും ഉണ്ണായിവാരിയരും ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പാരമ്പര്യവും- എന്ന വിഷയത്തില് പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയുടെ ആദ്യത്തെ പാഠമായിട്ടാണ് നളചരിതത്തെ ഡോ.ടി. കെ. രാമചന്ദ്രന് വിശേഷിപ്പിച്ചിട്ടുള്ളത്. ടൈപ്പ് കഥാപാത്രങ്ങളെ ഉപേക്ഷിച്ച് എന്താണ് മനുഷ്യനെന്നും എന്താണ് ജീവിതമെന്നും എന്താണ് സത്യമെന്നുമുള്ള ചോദ്യങ്ങളാണ് ഉണ്ണായിവാര്യരുടെ കഥാപാത്രങ്ങള് ഉന്നയിക്കുന്നത്. അശോകന് ചരുവില് മോഡറേറ്ററായിരുന്നു.
പനമ്പിള്ളി ഗവ കോളജ് മലയാള വിഭാഗം മേധാവി ഡോ. ജയകുമാര്, സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗം മേധാവി ഡോ. കെ.എ. ജെന്സി, ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം അധ്യാപിക സിന്റോ കോങ്കോത്ത് തുടങ്ങിയവര് അനുബന്ധ ചര്ച്ചകളില് പങ്കെടുത്തു കൊണ്ട് സംസാരിച്ചു. തുടര്ന്ന് -കൂടിയാട്ടവും ഇരിങ്ങാലക്കുടയും അമ്മന്നൂര് മാധവചാക്യാരും -എന്ന പ്രബന്ധം വേണുജി അവതരിപ്പിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന് മേഡറേറ്ററായിരിരുന്നു. ഡോ. രജനീഷ് ചാക്യാര്, ഡോ. ഭദ്ര രജനീഷ്, സെന്റ് ജോസഫ്സ് കോളജ് അധ്യാപിക ലിറ്റി ചാക്കോ തുടങ്ങിയവര് അനുബന്ധ ചര്ച്ചകളില് പങ്കെടുത്ത് സംസാരിച്ചു. തുടര്ന്ന് കോളജ് വിദ്യാര്ഥികള്ക്കായി നടന്ന ചരിത്ര ക്വിസ് മത്സരത്തില്
കോഴിക്കോട് ഗവ. ആര്ട്സ് ആന്ഡ് സയന്സ് കോളജ് വിദ്യാര്ഥികളായ സി.സി. ഹിലാല് അഹമ്മദ് ആന്ഡ് പി. ഫൈസല് റഹ്മാന് എന്നിവര് ഒന്നാം സമ്മാനമായ 11111 രൂപയും രണ്ടാം സമ്മാനം 5555 രൂപ പനമ്പിള്ളി ഗവ. മെമ്മോറിയല് കോളജ് വിദ്യാര്ഥികളായ വി. അനന്തകൃഷ്ണന് ആന്ഡ് ഇ.എം. മീരാഭായ് എന്നിവരുടെ ടീമിനും മൂന്നാം സമ്മാനമായ 3333 രൂപ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വിദ്യാര്ഥികളായ അയന നന്ദകുമാര് ആന്ഡ് സാന്ദ്ര ചന്ദ്രന് എന്നിവരുടെ ടീമിനും ലഭിച്ചു. സമാപനസമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പല് ചെയര്പേഴ്സണ് സുജ സഞ്ജീവ്കുമാര് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയ്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. സമ്മാനദാനം സെന്റ് ജോസഫ്സ് കോളജ് പ്രിന്സിപ്പല് സിസ്റ്റര് ഡോ. ബ്ലെസി നിര്വഹിച്ചു. ഡോ. ഹരിനാരായണന്, ആര്ക്കൈവ്സ് ഡയറക്ടര് ഡോ. കെ. രാജേന്ദ്രന്, പ്രഫ.വി.കെ. ലക്ഷ്മണന് നായര്, പ്രഫ. സാവിത്രി ലക്ഷമണന്, പി.കെ. ഭരതന് മാസ്റ്റര്, കണ്ടേങ്കാട്ടില് ഭരതന്, അഡ്വ. അജയ്കുമാര്, കെ.എ. പ്രേമരാജ്, കെ.ജി. സുരേഷ്. എന്നിവര് സംസാരിച്ചു.