സ്ഫോടനം ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ച എന്ന് എക്സ്പ്ലോസീവ്സ് വിദഗ്ധര്‍
ഇരിങ്ങാലക്കുട: ചായക്കടയില്‍ നാടിനെ നടുക്കി നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള വാതക ചോര്‍ച്ച മൂലം ഉണ്ടായതാണെന്ന പ്രാഥമിക നിഗമനവുമായി കേരള പോലീസിലെ എക്സ്പ്ലോസീവ്സ് വിദഗ്ധര്‍. ഇന്നലെ രാവിലെ രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനകള്‍ക്കു ശേഷമാണു തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് ലാബിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ അബ്ദുള്‍ റസാഖ്, ബി.എസ്. ജിജി, സിപിഒ വിപിന്‍ ഗോപി എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചായക്കടയില്‍ ഉണ്ടായിരുന്ന മൂന്നു ഗ്യാസ് സിലിണ്ടറുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നുള്ള ഗ്യാസ് ചോര്‍ച്ചയാണു സ്ഫോടനത്തിനു കാരണമായിരിക്കുന്നത്. ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പ് ദ്രവിച്ചതും പഴകിയതുമാണ്. ഇതില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ട്. ഇതില്‍ നിന്നും ഉണ്ടായ വാതക ചോര്‍ച്ചയും ഫ്രിഡ്ജില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സ്ഫോടനം ഉണ്ടായിരിക്കാം എന്നാണ് കണക്കുകൂട്ടുന്നത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറുമെന്നും ഇവര്‍ സൂചിപ്പിച്ചു. സിഐ എസ്.പി. സുധീരന്, എസ്ഐ വി. ജിഷില്‍, എഎസ്ഐ കെ. ഷറഫുദ്ദീന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒപ്പം ഉണ്ടായിരുന്നു. ചായക്കട നടത്തിയിരുന്ന ഇല്ലിക്കാട് സ്വദേശി കടവില്‍ പ്രകാശന്, ചായക്കട പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കുര്യന് ജോസഫ്, പരിസരവാസികള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ വിദഗ്ധ സംഘം ചായക്കടയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ മൊത്ത വിതരണ കേന്ദ്രം, ഗ്യാസ് ഗോഡൗണ്‍ എന്നിവടങ്ങളിലും പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന കടയിലെ വൈദ്യുതി കണക്ഷനും ഗ്യാസ് സിലിണ്ടറുകളും സംഘം പരിശോധിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി വയര്‍ ലാബിലേക്കു അയച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറും. തിങ്കളാഴ്ച രാത്രി 9.41 ഓടെയാണ് കനത്ത ശബ്ദത്തോടെ ചായക്കടയില്‍ പൊട്ടിത്തെറി ഉണ്ടായത്.