ഠാണാ ജംഗ്ഷനിലെ ഈ കുഴികൾ കണ്ടല്ലോ ……സൂക്ഷിച്ചോ
അടയ്ക്കുന്തോറും തുറക്കുന്ന കുഴികള്‍; ഇതാണ് ഠാണാ ജംഗ്ഷനിലെ അവസ്ഥ
ഇരിങ്ങാലക്കുട: കുഴിയില്‍ വീഴാതെ ഠാണാ ജംഗ്ഷന് കടക്കില്ല എന്നതാണു ഠാണാ ജംഗ്ഷനിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അവസ്ഥ. ചെറിയ കുഴികള്‍ വലിയ അപകടകെണികളായി മാറുകയാണു ഠാണാ ജംഗ്ഷനിലെ നടുറോഡിലെ ചതിക്കുഴികള്‍. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഈ കുഴികളില്‍ വെള്ളം കെട്ടി നില്ക്കുന്നതും അപകടസാധ്യത സൃഷ്ടിക്കുന്നു. റോഡിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കു ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. പല ഇരുചക്രവാഹനയാത്രികരും ഈ കുഴി കാണാത്തതിനാല്‍ നടു റോഡില്‍ വീണ് അപകടം സംഭവിക്കാറുണ്ട്. കുഴിയില്‍ വീഴാതിരിക്കുവാന്‍ വാഹനങ്ങള്‍ വേഗത കുറക്കുന്നതു പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. റോഡിലെ കെണി അറിയാതെ രാത്രി സമയത്ത് സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ആംബുലന്‍സ് ഈ കുഴിയില്‍ വീഴാതിരിക്കുവാന്‍ വെട്ടിച്ചതോടെ ഫുട്പാത്തിലേക്ക് അമിതവേഗതയില്‍ വന്നിടിക്കുകയായിരുന്നു. ഈ സമയത്ത് മറ്റു വാഹനങ്ങളോ യാത്രക്കാരോ ഈ ഭാഗത്ത് ഇല്ലാതിരുന്നതു വന്‍ അപകടം ഒഴിവായി. നാട്ടുക്കാരും സമീപത്തെ വ്യാപാരികളും ഈ കുഴി പല തവണ അടച്ചിരുന്നതാണ്. അപകടം നടക്കട്ടെ എന്നീട്ടാവാം നടപടി എന്നുള്ള അധികൃതരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകണം. ഇനിയൊരു അപകടം ഉണ്ടാകുന്നതിനു മുമ്പ് ഈ കുഴി മൂടുന്നതിനു പൊതുമരാമത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണു നാട്ടുക്കാരുടെ ആവശ്യം.