കെസിവൈഎം നിറവ് 2025 യുവജന കലോത്സവം; മൂന്നുമുറി ഇടവക ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം സംഘടിപ്പിച്ച നിറവ് 2025 യുവജന കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൂന്നുമുറി കെസിവൈഎം യൂണിറ്റിന് ട്രോഫി സമ്മാനിക്കുന്നു.
ആളൂര്‍: ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ഒരുക്കിയ നിറവ് 2025 യുവജന കലോത്സവത്തില്‍ 290 പോയിന്റുകളുമായി മൂന്നുമുറി കെസിവൈഎം യൂണിറ്റ് ഒന്നാം സ്ഥാനവും 247 പോയിന്റുകളുമായി ആനത്തടം കെസിവൈഎം യൂണിറ്റ് രണ്ടാം സ്ഥാനവും 209 പോയിന്റുമായി കൊടകര കെസിവൈഎം യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആനത്തടം കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ വച്ച് നടത്തിയ കലോത്സവത്തില്‍ രചന മത്സരങ്ങളും, വ്യക്തിഗത കലാ മത്സരങ്ങളും, തനത് കലാരൂപങ്ങളായ പരിചമുട്ട്, മാര്‍ഗ്ഗംകളി, ചവിട്ടുനാടകം എന്നിവ ഉള്‍പ്പടെയുള്ള ഗ്രൂപ്പിന കലാ മത്സരങ്ങളും ഉള്‍പ്പടെ 36 ഇനങ്ങളാണ് നടന്നത്.
31 ഇടവകകളിലെ കെസിവൈഎം യൂണിറ്റുകളില്‍ നിന്നായി 1200ല്‍ അധികം യുവജനങ്ങള്‍ വിവിധ മത്സര ഇനങ്ങളില്‍ മാറ്റുരച്ചു. പൊതുസമ്മേളനം ചാലക്കുടി നിയോജകമണ്ഡലം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. രൂപതാ ചെയര്മാന് ഫ്ലെറ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഡയാന ഡേവിസ്, നിറവ് കലോത്സവം കോ ഓർഡിനേറ്റര്‍ നിഖില്‍ ലിയോണ്‍സ്, ആനത്തടം വികാരി ഫാ. വര്‍ഗീസ് അരിക്കാട്ട്, ആനത്തടം കെസിവൈഎം പ്രസിഡന്റ് നോയില്‍ സിബി എന്നിവര്‍ സംസാരിച്ചു.