ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു

ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
ആനന്ദപുരം: ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. തിരുനാള്‍ദിനമായ ഇന്നലെ രാവിലെ ഏഴിന് നടന്ന തിരുനാള്‍ ദിവ്യബലിക്ക് ഹൊസൂര്‍ രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജു എളംകുന്നപ്പുഴ മുഖ്യകാര്‍മികത്വം വഹിച്ചു. 10ന് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് വീരഞ്ചിറ വികാരി ഫാ. മെല്വിന് പെരേപ്പാടന് മുഖ്യകാര്‍മികത്വം വഹിച്ചു. ആലുവ ഡിപോള്‍ വിന്‍സെന്‍ഷ്യന്‍ സെമിനാരി റെക്ടര്‍ ഫാ. ബിജു കൂനന്‍ വിസി തിരുനാള്‍ സന്ദേശം നല്കി.
പൊള്ളാച്ചി സ്നേഹാലയം ഡയറക്ടര്‍ ഫാ. ജെറിന് എളംകുന്നപ്പുഴ സഹകാര്‍മികനായിരുന്നു. നാലിന് ആരംഭിച്ച പ്രദക്ഷിണം വൈകീട്ട് ഏഴിന് സമാപിച്ചതോടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടന്നു. ഇന്ന് പൂര്‍വികരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.30ന് വികാരി ഫാ. ജോണ്സണ് തറയില്‍ ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും. 10ന് പ്രവാസി സംഗമം നടക്കും. 12ന് എട്ടാമിടദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, 9.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മേലഡൂര് അസി. വികാരി ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ മേരിമാത മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജിബിന്‍ താഴേക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. 11 മുതല്‍ 2.30വരെ ഊട്ടുസദ്യ ഉണ്ടായിരിക്കും. വികാരി ഫാ. ജോണ്സണ് തറയില്‍, കൈക്കാരന്മാരായ കാട്ട്ള തോമസ് വര്‍ഗീസ്, എടക്കളത്തൂര്‍ മൈക്കിള്‍ മോന്‍സി, പുതുശേരി വാറുണ്ണി വില്സന് എന്നിവര്‍ നേതൃത്വം നല്കി.