ഏഷ്യാ കപ്പ് അണ്ടര്‍ 16 വനിതാ ബാസ്കറ്റ്ബോള്‍ ജേതാവ് അഥീന മറിയം ജോണ്‍സനെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആദരിച്ചു

ഏഷ്യാ കപ്പ് അണ്ടര്‍ 16 വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമംഗം അഥീന മറിയം ജോണ്‍സനെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: ഏഷ്യാ കപ്പ് അണ്ടര്‍ 16 വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമംഗം അഥീന മറിയം ജോണ്‍സനെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ ആസ്ഥാനത്തെ ചേംബറില്‍ വെച്ച് ആദരിച്ചു. കൊരട്ടി ലിറ്റില്‍ഫ്ളവര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അഥീന. ഏഷ്യന്‍ കപ്പ് ബാസ്കറ്റ്ബോള്‍ (അണ്ടര്‍ 16 വനിത ബി ഡിവിഷന്) ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് അഥീന മറിയം ജോണ്സണ്. നെടുംകുന്നം പതാലില്‍ ജോണ്സണ് തോമസിന്റെയും അനു ജോണ്‍സന്റെയും മകളാണ് അഥീന.
ബാസ്കറ്റ്ബോള്‍ പാരമ്പര്യം പിന്തുടര്ന്നാണ് അഥീന ഈ നേട്ടം കൈവരിച്ചത്. പിതാവ് ജോണ്സണ് തോമസ് കേരള സ്റ്റേറ്റ് സ്പോര്‍ട്ട്സ് കൗണ്‍സില്‍ ബാസ്കറ്റ്ബോള്‍ പരിശീലകനാണ്. അമ്മ അനു ജോണ്സണ് തൃശൂര്‍ സെന്റ് മേരീസ് കോളജിലെ കായികാധ്യാപികയും മുന്‍ ബാസ്കറ്റ്ബോള്‍ താരവുമാണ്. കഴിഞ്ഞ ഏപ്രിലില്‍ പോണ്ടിച്ചേരിയില്‍ നടന്ന ദേശീയ വനിതാ യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അഥീന ഉള്‍പ്പെടുന്ന കേരള ടീമിന്റെ കോച്ച് ജോണ്‍സണും മാനേജര്‍ അനുവുമായിരുന്നു. ആമി അന്ന ജോണ്‍സണും അഗത റോസ് ജോണ്‍സണുമാണ് അഥീനയുടെ സഹോദരങ്ങള്‍.