ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു

അജ്സല്‍.
വിദേശത്തേക്ക് കടക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്
നാഷ്ണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
ഇരിങ്ങാലക്കുട: ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശേരി സ്വദേശി നിബ്രാസ് മഹല്‍ വീട്ടില്‍ അജ്സല്‍ (24) നെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നുമുള്ള നിരവധി യുവാക്കളെ സ്വാധീനിച്ച് കമ്മീഷന് നല്കി ബാങ്ക് അക്കൗണ്ടുകള്‍ എടുപ്പിക്കുകയും ഈ അകൗണ്ടുകള്‍ വഴി ഇന്ത്യയില്‍ ആകമാനം നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് പണം എടിഎം കാര്‍ഡ്, ചെക്ക് എന്നിവ ഉപയോഗിച്ച് പിന്‍വലിക്കുകയും ഇത് ക്രിപ്റ്റോ കറന്‍സി ആയി ചൈന, കംബോഡിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു.
ചാലക്കുടി പരിയാരം സ്വദേശി മാളക്കാരന്‍ വീട്ടില്‍ ബിനു പോള്‍ (47)ല്‍ നിന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,08,78,935(ഒരു കോടി എട്ട് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി തൊളള്ളായിരത്തി മുപ്പത്തി അഞ്ച്) രൂപ ട്രാന്‍സ്ഫര്‍ ചെയ്യിച്ചാണ് തട്ടിയെടുത്തത്. പരാതിക്കാരന്റെ ഫേസ് ബുക്ക് അക്കൗണ്ടിന്റെ മെസഞ്ചറിലേക്ക് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ട്രേഡ് ചെയ്യുന്നതിന് താല്പര്യമുണ്ടോയെന്ന് ചെറിയ ഇന്വസ്റ്റ്മെന്റിലൂടെ വലിയ രീതിയില്‍ ലാഭം ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ട്രേഡ് ചെയ്യുന്നതിനുള്ള വാലറ്റില്‍ കയറുന്നതിനുള്ള ലിങ്ക് അയച്ച് നല്‍കിയത്. പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതിരിക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ഇത് ഒരു തട്ടിപ്പാണെന്ന് മനസിലാക്കിയത്.
തുടര്‍ന്ന് നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ഈ കേസിന്റെ അന്വേഷണത്തില്‍ കേരളത്തില്‍ നിന്നും കമ്മിഷണു വേണ്ടി അകൗണ്ടുകള്‍ വിറ്റ കോളജ് വിദ്യാര്‍ഥികളായ മലയാളികളെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അജ്സല്‍ മലയാളികളായ പല വിദ്യാര്‍ഥികളെയും കമ്മിഷന് വ്യവസ്ഥയില്‍ ബാംഗ്ലൂരിലേക്ക് എത്തിക്കുകയും പല ബാങ്കുകളില്‍ നിന്നും നിര്‍ബന്ധിച്ച് അക്കൗണ്ടുകള്‍ എടുപ്പിക്കുകയും ഈ അക്കൗണ്ടുകളുടെ എടിഎം കാര്‍ഡുകളും ചെക്ക് ബുക്കുകളും കൈക്കലാക്കുകയും ഈ അക്കൌണ്ടുകള്‍ വഴി സൈബര്‍ തട്ടിപ്പു നടത്തി ലഭിക്കുന്ന കോടികണക്കിന് പണം പിന്‍വലിച്ച് ക്രിപ്റ്റോ കറന്‍സി ആക്കി മാറ്റി മറ്റ് രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്.
ഒളിവിലായിരുന്ന അജ്സല്‍ നെ പിടികൂടുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തായ്ലാന്റിലേക്ക് കടന്ന് രക്ഷപ്പെടുന്നതിനായി മുംബൈ എയര്‍പോര്‍ട്ടില്‍ വന്നപ്പോഴാണ് അജ്സലിനെ മുബൈ എയര്‍പോര്‍ട്ടില്‍ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം തടഞ്ഞ് വച്ചത്. തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. സുജിത്ത്, എസ്ഐ ആല്‍ബി തോമസ് വര്‍ക്കി, ജിഎസ്ഐ കെ.വി. ജസ്റ്റിന്, സിപിഒമാരായ ടി.പി. ശ്രീനാഥ്, സി.എസ്. ശ്രീയേഷ്, യു. ആകാശ്, സി. പവിത്രന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.