നൂറോളം ഇനം താമര, 75 ഇനം ആമ്പലുകള്‍…..വീടൊരു താമരക്കാട്

താമര ശേഖരത്തിനരികെ ലതിക സുധന്.
ലതിക സുധന്റെ വീട് ജലസസ്യങ്ങളുടെ കൂടാരം
ഇരിങ്ങാലക്കുട: 100ല്‍ അധികം ഇനം താമരകളും 75 ഇനം ആമ്പലുകളും ലതികയുടെ വീട്ടുമുറ്റത്തും ടെറസിലും വിരിഞ്ഞുനില്ക്കുന്നു. വീട്ടുമുറ്റവും അകത്തളവുമെല്ലാം ചെടികള്‍കൊണ്ടു നിറയ്ക്കുകയായിരുന്നു ലതികയുടെ എക്കാലത്തെയും വിനോദം. ചെറിയൊരു ആമ്പല്‍ക്കുളം വീട്ടില്‍ നിര്‍മിച്ചതോടെ ലതികയുടെ വീട്ടിലെന്നും താമരവസന്തമാണ്. കോലോത്തുംപടി തൊഴുത്തുംപറമ്പില്‍ ശ്രീശ്രുതിയില് ലതിക സുധന്റെ വീട്ടിലാണ് നൂറോളം ഇനം താമരകള്‍ വളരുന്നത്.
അപൂര്‍വങ്ങളായ വിദേശയിനങ്ങള് ഉള്‍പ്പടെയാണിത്. 75 ഓളം ആമ്പലടക്കം ആകെ അഞ്ഞൂറോളം വ്യത്യസ്ത ഇനം ജലസസ്യങ്ങള്‍ ഈ വീടിനെ വേറിട്ട കാഴ്ചയാക്കുന്നു. ചെടികൾ വിരിയുന്നതു മുറ്റത്തു തയാറാക്കിയ അനേകം സിമന്റു കുളങ്ങളിലാണ്. മുറ്റത്തു മാത്രമല്ല, ടെറസിലുമുണ്ട് കുളങ്ങള്‍. പിങ്ക് ക്ലൗഡ്, ബൂച്ചാ, താമോ, ഗ്രീന്‍ ആപ്പിള്‍, മിറാക്കിള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന താമരകളും ഫോര്‍ ഫയര്‍ പെയിന്റഡ് ഡ്രീം, അലക്സി, വൈറ്റ് ഇമ്യൂട്ടബിള്സ്, ആല്‍ബര്‍ട് ഡി ലെസ്താംഗ് തുടങ്ങിയ ഹൈബ്രിഡ് ആമ്പലുകളും ലതിക വളര്‍ത്തുന്നു.
ആന്‍ഷ്യന്റ് താമര കേരളത്തിലാദ്യമായി പൂവിട്ടതു തന്റെ വീട്ടിലാണെന്നു ലതിക പറയുന്നു. വെള്ളത്തില്‍മാത്രം വളരുന്നതും പൂവിടാത്തതും ഉള്‍പ്പടെ 15 ഇനം ഇലച്ചെടികളും ലതികയുടെ തോട്ടത്തില്‍ വളരുന്നു. ഹോയ, ഫേണ്‍, ആര്ക്കിഡ്, ബിഗോണിയ, അഗ്ലോണിമ തുടങ്ങിയ സസ്യങ്ങളും ചേരുമ്പോഴാണ് ഇനങ്ങളുടെ എണ്ണം 500 കടക്കുക. പിസ്ത, ഓറഞ്ച്, പീനട്ട്, ബട്ടര്‍ ഫ്രൂട്സ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഇവിടെ വളരുന്നു.
