ഐടിയു ബാങ്ക് ഭരണസമിതിയെ അസാധുവാക്കിയ റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നില്‍ ബിജെപിയുടെ അജണ്ട ആകാമെന്നും ബിജെപിയുടെ ദേശീയ നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും- എം.പി. ജാക്സണ്

ഐടിയു ബാങ്ക് മന്ദിരം.
നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് ബാങ്കില്‍ ഉണ്ടായത് ജനങ്ങളുടെ വിശ്വാസം കൊണ്ട് മാത്രമാണ്
സുതാര്യമായും നീതിപൂര്വമായിട്ടുമാണ് ചെയര്മാന് എന്ന നിലയില്‍ 35 കൊല്ലം പ്രവര്‍ത്തിച്ചത്
അഞ്ച് തവണകളില്‍ തനിക്കെതിരെ മത്സരിക്കുവാന്‍ ആരും തയ്യാറായിരുന്നില്ല
സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആരും പറഞ്ഞിട്ടില്ല. ഒരു പരാതിയും പാര്‍ട്ടി വേദികളിലും ലഭിച്ചിട്ടില്ല
ഇരിങ്ങാലക്കുട: ഐടിയു ബാങ്ക് ഭരണസമിതിയെ അസാധുവാക്കിയ റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നില്‍ ബിജെപിയുടെ അജണ്ട ആകാമെന്നും ബിജെപിയുടെ ദേശീയ നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും ബാങ്ക് പ്രസിഡന്റും മുന്‍ കെപിസിസി സെക്രട്ടറിയുമായ എം.പി. ജാക്സണ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ബാങ്കില്‍ ആര്‍ബിഐ നടപടി വന്ന ഘട്ടത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. നിക്ഷേപ ഇന്‍ഷുറന്‍സ് സ്കീം പ്രകാരം അഞ്ച് ലക്ഷം രൂപ വരെ നല്‍കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയായിരുന്നു. അത്രയും നിക്ഷേപം കൊടുത്ത് കഴിഞ്ഞാല്‍ ബാങ്ക് കംഫര്‍ട്ട് സോണില്‍ ആകും.
അപേക്ഷ നല്കിയ 17000 ല്‍ അധികം പേര്‍ക്ക് അഞ്ച് ലക്ഷം വച്ച് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു. ഇന്നലെ മുതല്‍ പരിശീലനം ആരംഭിക്കാനിരിക്കുബോഴാണ് ആര്‍ബിഐയുടെ ഈ നടപടി ഉണ്ടായത്. നവംബര്‍ ഒന്ന് മുതല്‍ സുഗമമായി പ്രവര്‍ത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 365 കോടി രൂപയുടെ നിഷ്ക്രിയ ആസ്തികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ സ്വീകരിക്കരുതെന്നാണ് ആര്‍ബിഐ ആദ്യ ഘട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ ഭൂമികള്‍ വിറ്റഴിക്കാന്‍ തടസമില്ലെന്ന ഉത്തരവ് സെപ്റ്റംബര്‍ 24 നാണ് ഇറക്കിയത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും കോടി രൂപയുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ സാധിക്കില്ല. ആറ് മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ആര്‍ബഐ രണ്ടര മാസത്തിനുള്ളിലാണ് ഇത്തരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിലാണ് ആര്‍ബിഐ ഉത്തരവുകളുമായി ബാങ്കിലെത്തുന്നത്. ഓര്‍ഡര്‍ വരുന്നത്. ആര്‍ബിഐയുടെ എകപക്ഷീയ നടപടികളെ നിയമപരമായിോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ബാങ്കിന്റെ വളര്‍ച്ചക്കു പിന്നില്‍ അസൂയാലുക്കളായവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ളത്. ബാങ്കിന്റെ വളര്‍ച്ചക്ക് ജനങ്ങളുടെ പിന്തുണയും ഡയറക്ടര്‍മാരുടെ അക്ഷീണ പരിശ്രമവും ഉണ്ടായിട്ടുണ്ട്.
ആയിരത്തിലധികം രൂപയുടെ നിക്ഷേപം ബാങ്കില്‍ ഉണ്ടായത് ജനങ്ങളുടെ വിശ്വാസം കൊണ്ട് മാത്രമാണ്. ലോണ്‍ വാല്യുവേഷന് അടക്കമുള്ള കാര്യങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ ടീമാണ് തീരുമാനിക്കുന്നത്. ഭരണസമിതിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ല. സുതാര്യമായും നീതിപൂര്വമായിട്ടുമാണ് ചെയര്മാന് എന്ന നിലയില്‍ 35 കൊല്ലം പ്രവര്‍ത്തിച്ചത്. ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. അഞ്ച് തവണ തനിക്കെതിരെ മത്സരിക്കുവാന്‍ ആരും തയ്യാറായിരുന്നില്ല. സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആരും പറഞ്ഞിട്ടില്ല. ഒരു പരാതിയും പാര്‍ട്ടി വേദികളിലും ലഭിച്ചിട്ടില്ല. ബാങ്കിന്റെ ഇപ്പോഴത്തെ പ്രതിസന്ധി കൊണ്ട് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല.
ഏരിയ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും ബാങ്ക് പ്രവര്‍ത്തനം സംബന്ധിച്ച് സിപിഎം തീരുമാനം എടുക്കുന്നത് പോലെ ഐടിയു ബാങ്കിന്റെ ഒരു കാര്യവും കോണ്‍ഗ്രസിന്റെ പാര്ട്ിവേദികളില് തീരുമാനിച്ചിട്ടില്ല. ഒരു നിമിത്തം പോലെ വന്ന് ചേര്‍ന്നതാണ് ബാങ്ക് ചെയര്മാന് പദവിയും ഇരിങ്ങാലക്കുടയുടെ നഗരസഭ ചെയര്മാന് പദവി അടക്കമുള്ളവയെന്നും കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും എം.പി. ജാക്സണ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹഖ്, ബാങ്ക് ഭരണസമിതി വൈസ് ചെയര്മാന് പ്രഫ. ഇ.ജെ. വിന്‍സെന്റ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്ക്: ഡയറക്ടര്‍ ബോര്‍ഡ് മരവിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ (ഐടിയു) ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. ഒരു വര്‍ഷത്തേക്കാണ് നിയന്ത്രണം. ഫെഡറല്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് രാജു എസ്. നായരെയാണ് ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തെ സഹായിക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. മോഹനന്, ഫെഡറല്‍ ബാങ്ക് മുന്വൈ് പ്രസിഡന്റ് ടി.എ. മുഹമ്മദ് സഗീര്‍ എന്നിവരെ കമ്മിറ്റി ഓഫ് അഡൈ്വസേഴ്സ് ആയും നിയമിച്ചു.
ജൂലൈ 30ന് ബാങ്കില്‍ നിന്ന് തുക പിന്‍വലിക്കുന്നതിനടക്കം ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിന് പുറമേയാണ് ഇപ്പോള്‍ ഭരണസമിതി തന്നെ ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ച് റിസര്‍വ് ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. നിക്ഷേപകര്‍ക്ക് 10,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. ആര്‍ബിഐയുടെ അനുമതിയില്ലാതെ പുതിയ വായ്പ അനുവദിക്കാനും പുതുക്കാനും പുതിയ നിക്ഷേപം സ്വീകരിക്കാനും പണം കടം വാങ്ങാനും സാധിക്കില്ല. ബാങ്കിന്റെ സ്വത്തുക്കളും മറ്റ് ആസ്തികളും വില്‍ക്കാനും കൈമാറ്റം ചെയ്യാനും പാടില്ലെന്നും അന്നു നിര്‍ദേശിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ആണ് 35 വര്‍ഷമായി ബാങ്കിന്റെ പ്രസിഡന്റ് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, നാട്ടിക നിയോജക മണ്ഡലങ്ങളിലായാണ് ബാങ്കിലെ നിക്ഷേപകരുള്ളത്.