കേന്ദ്രമന്ത്രി ഉദ്ഘാടനംചെയ്ത വോളി കോർട്ടിന് വീണ്ടും ഉദ്ഘാടനം നടത്തി പടിയൂർ പഞ്ചായത്ത്
പടിയൂർ മനപ്പറന്പ് ഉന്നതിയിൽ 20 സെന്റ് സ്ഥലത്തു നിർമിച്ച വോളിബോൾ കോർട്ട് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേന്ദ്രമന്ത്രി നാടിനു സമർപ്പിച്ച വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം വീണ്ടും നടത്തി പടിയൂർ പഞ്ചായത്ത്. ഏഴാം വാർഡിൽ 2022-23 വർഷത്തെ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപ ചെലവഴിച്ച് മനപ്പറമ്പ് ഉന്നതിയിലെ 20 സെന്റ് സ്ഥലത്ത് നിർമിച്ച വോളിബോൾ കോർട്ടാണ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഇന്നലെ വീണ്ടും ഉദ്ഘാടനം ചെയ്തത്.
എതാനും ദിവസംമുമ്പ് വാർഡ് മെമ്പർ പ്രഭാത് വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോർട്ട് നാടിനു സമർപ്പിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങ് ബിജെപിക്കാരനായ വാർഡ് മെമ്പർ എകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഭരണസമിതി അറിഞ്ഞിട്ടില്ലെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും ഭരണപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പതിനാലംഗ ഭരണസമിതിയിലെ എൽഡിഎഫ്, കോണ്ഗ്രസ് അംഗങ്ങൾ അന്നു ചടങ്ങിൽ പങ്കെടുത്തില്ല. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീണ്ടും ഉദ്ഘാടനം നടത്തുകയായിരുന്നു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പ്രേമവൽസൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാലി ദിലീപ്, ജയശ്രീ ലാൽ, ടി.വി. വിബിൻ, മുൻ പ്രസിഡന്റ് ലത സഹദേവൻ, മുൻ വൈസ് പ്രസിഡന്റ് കെ.വി. സുകുമാരൻ, അസി. സെക്രട്ടറി സീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ ടീമുകൾ തമ്മിലുള്ള സൗഹൃദമത്സരവും നടന്നു.

യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ
കെസിവൈഎം നിറവ് 2025 യുവജന കലോത്സവം; മൂന്നുമുറി ഇടവക ഒന്നാം സ്ഥാനം
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്
കരുപ്പടന്ന- നെടുങ്ങാണം റോഡിന്റെ ശോചനീയാവസ്ഥയില് പ്രതിഷേധിച്ച് നാട്ടുകാര് റോഡ് ഉപരോധിച്ചു
ബിജെപി ഇരിങ്ങാലക്കുട നഗരസഭ നേതൃയോഗം നടന്നു