യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

കർണൻ.
കാട്ടൂർ: യുവാവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ കർണൻ(34) ആണ് അറസ്റ്റിലായത്. 2018 ഏപ്രിൽ 14നു പടിയൂരിൽവച്ച് പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ് (31)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവത്തിൽ അറസ്റ്റിലായ കർണൻ ജാമ്യമെടുത്ത് വിചാരണനടപടികളിൽ സഹകരിക്കാതെ വിദേശത്തേക്കു കടക്കുകയുമായിരുന്നു. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐമാരായ സബീഷ്, ബാബു, സിപിഒമാരായ വിപിൻ, വിഷ്ണു, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.