റീബില്ഡ് കേരള പദ്ധതി; ചെമ്മണ്ട കായല് കര്ഷക സഹകരണ സംഘത്തിന്റെ 1500 ഏക്കര് പാടശേഖരങ്ങളിലായി നടപ്പിലാക്കുന്നത് 50 കോടി രൂപയുടെ പദ്ധതികള്
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ ചെമ്മണ്ട കായല് പുളിയംപാടം കടുംകൃഷി കര്ഷക സഹകരണ സംഘത്തിന്റെ കീഴില് വരുന്ന 1500 എക്കറോളം വരുന്ന പാടശേഖരങ്ങളിലായി നടപ്പിലാക്കുന്നത് 50 കോടി രൂപയുടെ പദ്ധതികള്. റീബില്ഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്രയും തുക ചിലവഴിക്കുന്നത്. 2021-22 വര്ഷത്തിലാണ് നിര്മ്മാണ പ്രവ്യത്തികള് ആരംഭിച്ചത്. അമ്പത് എച്ച്പി മോട്ടോര് പമ്പ് സെറ്റുകള് ഏഴെണ്ണം, എട്ട് മോട്ടോര് ഷെഡുകള്, അഞ്ച് ട്രാന്സ്ഫോര്മറുകള്, പത്ത് റാമ്പുകള്, അറുപത് കിലോമീറ്റര് ദൂരത്തില് വരുന്ന പാടശേഖരങ്ങളിലെ ഉള് തോടുകളുടെയും ചാലുകളുടെയും ആഴം കൂട്ടല്, ആറ് ഫാം റോഡുകള് എന്നിവയാണ് നടപ്പിലാക്കുന്ന പ്രവര്ത്തികള്. എഴുപത് ശതമാനത്തോളം പണികള് പൂര്ത്തികരിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി നടന്ന 2023ലെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് നിര്വഹിച്ചു. ചെമ്മണ്ട കൊടുംന്തറയില് നടന്ന ചടങ്ങില് സംഘം പ്രസിഡന്റ് കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. മോട്ടോര് പമ്പ് സെറ്റുകളുടെ സ്വിച്ച് ഓണ് കര്മ്മം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് നിര്വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ. ദിവാകരന് സ്വാഗതവും ഡയറക്ടര് ടി.കെ. ജയാനന്ദന് നന്ദിയും പറഞ്ഞു.