സ്വപ്ന സാഫല്യമായി, കൗണ്‍സിലറുടെ സ്നേഹ വായ്പില്‍ മല്ലിക ചേച്ചിക്കു വീടായി

കരുതലിന്റെ കൈത്താങ്ങ്..... ബിരിയാണി ചലഞ്ചിലൂടെ പണിപൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാന് നിര്‍വഹിക്കുന്നു.
പണം കണ്ടെത്തിയത് ബിരിയാണി ചലഞ്ചിലൂടെ
ഇരിങ്ങാലക്കുട: താമസം കന്യാസ്ത്രീകള്‍ നടത്തുന്ന കോണ്‍വെന്റുകളിലും സമീപവാസികളുടെ വീടുകളിലും. നിത്യചിലവിനു പോലും വകയില്ലാത്ത സ്ഥിതി, ഈയൊരവസരത്തില്‍ അന്തിയുറങ്ങാന്‍ വീടെന്നുള്ളത് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന മല്ലികയുടെ സ്വപ്നസാക്ഷാത്കാരത്തിന് മുന്നിട്ടിറങ്ങിയത് നഗരസഭ കൗണ്‍സിലറും സുഹൃത്തുക്കളുമായിരുന്നു. 2018 ലെ പ്രളയത്തിനു ശേഷം ഓടിട്ട പഴയ വീട് കുറേശേ തകര്‍ന്നു തുടങ്ങി. 2022 ആയപ്പോഴേക്കും വീടിന്റെ ചുമര് രണ്ടായി പിളര്‍ന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന അവസ്ഥയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മല്ലികക്ക് അവിടെ താമസിക്കാന്‍ പറ്റാതെ വന്നു.
വാടകപോലും നല്കാന് സാധിക്കാത്തതിനാല്‍ സമീപത്തെ വീടുകളിലും കന്യാസ്ത്രീകള്‍ നടത്തുന്ന കോണ്‍വെന്റുകളിലും അന്തിയുറങ്ങി കാലം കഴിച്ചുകൂട്ടി. ഇതിനിടയില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ വീട് പാസാക്കിയെടുത്തു. പിഎംഎവൈ ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച നാലുലക്ഷം രൂപ കൊണ്ട് വീടിന്റെ പണികള്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ മല്ലിക ചേച്ചിയുടെ നിസഹായാവസ്ഥ മനസിലാക്കിയ വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ വീട് പണി പൂര്‍ത്തീകരിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു. അതിനായി മാപ്രാണത്തെ അഞ്ച്, ആറ് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തി. രണ്ടായിരത്തിലധികം ബിരിയാണിയാണ് ഒറ്റ ദിവസം ഇതിനായി വിറ്റത്.
ബിരിയാണി ചലഞ്ചിലൂടെയും സുമനസുകളുടെ സഹായത്താലും ഏകദേശം ഒന്നര ലക്ഷത്തില്‍ അധികം രൂപ ചെലവാക്കി വീടിന്റെ പണികള്‍ പൂര്‍ത്തീകരിച്ചു. ഇന്നലെ പുതുവര്‍ഷ പുലരിയില്‍ നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ വീടിന്റെ താക്കോല്‍ മല്ലികചേച്ചിക്കു കൈമാറി. മാപ്രാണം പള്ളി വികാരി ഫാ. ജോണി മേനാച്ചേരി, മുന്‍ ട്രസ്റ്റി മില്‍സണ്‍ പാറേമ്മല്‍, അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ അജിത് കുമാര്‍, സുഹൃത്തുക്കളായ സി.ഡി. ജോസ്, ആന്റണി മഞ്ഞളി, ഫിജോ കാഞ്ഞിരക്കാടന്‍, നിക്സണ് ആലപ്പാടന്‍, ജോണ്സണ് മഞ്ഞളി, രാജു തളിയക്കാട്ടില്‍, സജീവന് പ്ലാവിന്‍കൂട്ടത്തില്‍, ലിന്റോ അറക്കല്‍, ജോയ് ഔസേപ്പ് മാറോക്കി എന്നിവര്‍ സന്നിഹിതരായിരുന്നു.