പുഞ്ചനെല്ലില്‍ ഈര്‍പ്പമെന്ന് മില്ലുടമകള്‍
കൊയ്തെടുത്ത നെല്ല് വീണ്ടും ഉണക്കി കര്‍ഷകര്‍
മുരിയാട്: കൊയ്തെടുത്ത നെന്മണികളില് ഈര്‍പ്പം കൂടുതലെന്നുകാട്ടി മില്ലുടമകള്‍ നെല്ല് ഏറ്റെടുക്കാതെ കര്‍ഷകരെ ദുരിതത്തിലാക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളില്‍ മുരിയാട് കോള്‍മേഖലയിലെ പാടശേഖരങ്ങളില്‍ കൊടുംചൂടില്‍ കൊയ്തെടുത്ത പുഞ്ചനെല്ലാണ് ഈര്‍പ്പമുണ്ടെന്ന കാരണത്താല്‍ കര്‍ഷകര്‍ വീണ്ടും ഉണക്കുന്നത്. നെല്ല് സംഭരിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ മെഷീന് ഉപയോഗിച്ചാണ് ഈര്‍പ്പം പരിശോധിക്കുന്നത്. പരിശോധനയില്‍ വ്യത്യാസം കാണിക്കുന്നതിനാലാണ് കൊയ്തെടുത്ത നെല്ല് വീണ്ടും ഉണക്കേണ്ടിവരുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തി. നെല്ല് പാടത്തുനിന്നും സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റുന്നതിനും അത് ഉണക്കുന്നതിന് കൂലിക്കാരെ നിര്‍ത്തുന്നതിനുമെല്ലാം കര്‍ഷകര്‍ക്ക് ചെലവ് വരും. ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ അളവില്‍ വ്യത്യാസം കണ്ടാല്‍ കിഴിവ് ചോദിക്കും. അങ്ങനെ നല്കാതിരിക്കാനാണ് നെല്ല് വീണ്ടും വെയിലത്തിട്ട് ഉണക്കുന്നതെന്ന് തൊമ്മാന കോള്‍ കര്‍ഷക പാടശേഖരസമിതി പ്രസിഡന്റ് കെ.കെ. രാകേഷ് പറഞ്ഞു. ഉണക്കിയെടുത്താല്‍ കൃത്യമായ അളവില്‍ നെല്ല് സപ്ലൈകോയ്ക്ക് കൈമാറാനാകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അതേസമയം നെല്ല് ശരിയായി ഉണക്കിനല്കാമെന്ന് പാടശേഖരസമിതി അറിയിക്കുകയായിരുന്നെന്ന് സപ്ലൈകോ ഉദ്യോഗസ്ഥരും പറയുന്നു. ഇക്കാര്യത്തില്‍ മറ്റ് തര്‍ക്കങ്ങളില്ലെന്നും അവര്‍ അറിയിച്ചു. മുരിയാട് കര്‍ഷകസമരത്തിലെ ഒത്തുതീര്‍പ്പില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പിന്റെ ലംഘനമാണിതെന്ന് സമരത്തിന് നേതൃത്വം നല്കിയ കര്‍ഷകമുന്നേറ്റം നേതാവ് വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു. പുഞ്ചക്കൊയ്ത്തിലെ നെല്ല് ഈര്‍പ്പമില്ലാത്തതിനാല്‍ പാടവരമ്പില്‍നിന്ന് നേരിട്ട് സംഭരിയ്ക്കാമെന്ന് അന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകമുന്നേറ്റം കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു.