കൂടല്‍മാണിക്യ ക്ഷേത്രോല്‍സവം; ശ്രദ്ധേയമായി യക്ഷഗാനം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി നടന്ന വാലിമോക്ഷം യക്ഷഗാനം ശ്രദ്ധേയമായി. കര്‍ണാടക സംസ്ഥാനത്തിലെ നാടോടി കലാരൂപമാണ് യക്ഷഗാന. യക്ഷഗാന ബയലാട്ട എന്നും പേരുണ്ട് ഈ കലാരൂപത്തിന്. 400 ഓളം വര്‍ഷം പഴക്കമുള്ള യക്ഷഗാനയില് നൃത്തം, അഭിനയം, സാഹിത്യം, സംഗീതം എന്നിവയെല്ലാം സമന്വയിച്ച മനോഹരമായ അവതരണമാണ് യക്ഷഗാന. യക്ഷഗാനയുടെ പ്രചരണത്തിനും ഉന്നമനത്തിനുമായി തലമുറകളായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇടഗുഞ്ചി മഹാഗണപതി യക്ഷഗാന മണ്ഡലി. സംഘത്തിന്റെ ഇപ്പോഴത്തെ ഡയറക്ടറാണു കേരെമനെ ശിവാനന്ദ ഹെഗ്ഡെ. പിതാവായ ഗുരു കെരെമനെ ശംഭു ഹെഗ്ഡെയുടെ പാത പിന്തുടര്ന്ന് 12-ാം വയസു മുതല്‍ യക്ഷഗാന അഭ്യസിച്ചുതുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ യക്ഷഗാന അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഫെല്ലോഷിപ്പുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കെരെമനെ ശിവാനന്ദ ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണു കൂടല്‍മാണിക്യം തിരുവുത്സവ വേദിയില്‍ വാലിമോക്ഷം (ബാലിമോക്ഷം) എന്ന കഥ അവതരിപ്പിച്ചത്.