വേനല്‍ മഴ മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കണം; സിപിഐ
ഇരിങ്ങാലക്കുട: കാര്‍ഷിക മേഖലയിലെ ഈ വിളവെടുപ്പ് കാലത്ത് അപ്രതീക്ഷിതമായി കടന്നുവന്ന വേനല്‍ മഴ മൂലം വന്‍ കൃഷി നാശമാണു കാറളം പഞ്ചായത്തില്‍ ഉടനീളമുണ്ടായിട്ടുള്ളത്. നെല്‍കര്‍ഷകര്‍ക്കും വാഴ കൃഷിക്കാര്‍ക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് അടിയന്തിരമായ ധനസഹായം അനുവദിക്കണമെന്നു സര്‍ക്കാരിനോട് സിപിഐ കാറളം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്കല്‍ സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പ്രതിനിധി സമ്മേളനം താണിശേരിയില്‍ എ.കെ. ബാഹുലേയന് നഗറില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ഒന്നാം ദിനം കിഴുത്താണിയില്‍ പി.കെ. വിജയഘോഷ് നഗറില്‍ പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സാര്‍വ്വദേശീയ, ദേശീയ, സംസ്ഥാന വിഷയങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യപ്പെട്ട സമ്മേളനത്തെ എം. സുധീര്‍ദാസ്, ഷീല അജയഘോഷ്, മോഹനന് വലിയാട്ടില്‍, പി.എസ്. ശ്യാംകുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയം കമ്മിറ്റി നിയന്ത്രിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗം എ.ആര്. ശേഖരന് പ്രതിനിധി സമ്മേളന നഗറില്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, കെ.വി. രാമകൃഷ്ണന്, കെ.കെ. ശിവന്, കെ.സി. ബിജു, അനില്‍ മംഗലത്ത്, റോയ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി കെ.എസ്. ബൈജുവിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി എം. സുധീര്ദാസിനെയും സമ്മേളനം തെരഞ്ഞെടുത്തു.