ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; സഹോദരന്മാരടക്കം മൂന്നു പേര് അറസ്റ്റില്‍

റിറ്റ് ജോബ്, ജിറ്റ് ജോബ്, രാഹുല്‍.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. പുല്ലൂര്‍ ഊരകം സ്വദേശികളും സഹോദരങ്ങളുമായ നെല്ലിശേരി വീട്ടില്‍ റിറ്റ് ജോബ് (26), ജിറ്റ് ജോബ് (27), പുല്ലൂര്‍ ചേര്‍പ്പുംകുന്ന് സ്വദേശി മഠത്തിപറമ്പില്‍ വീട്ടില്‍ രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് സംഭവം. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ വെച്ച് നിയന്ത്രിക്കാന്‍ പറ്റാത്തവിധം ഉച്ചത്തില്‍ ബഹളം വച്ച് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്പിക്കുകയുമായിരുന്നു.
രാത്രി 9.30 മണിയോടെ റിറ്റ് ജോബ്, അടിപിടിയില്‍ പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് ജിറ്റ് ജോബിനെയും രാഹുലിനെയും കൊണ്ടുവരികയും ജിറ്റ് നെ പരിശോധിച്ച ഡോക്ടര്‍ ജിറ്റ് ന് ഹെഡ് ഇന്‍ജുറി ഉള്ളതായി സംശയിക്കുന്നതിനാല്‍ സിടി സ്കാന്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞു. ഈ സമയം നിങ്ങള്‍ എന്തേ ഇവിടെ സിടി സ്കാന്‍ വയ്ക്കാത്തത് എന്ന് പറഞ്ഞ് ഉച്ചത്തില്‍ ബഹളം വെയ്ക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും തടയാന്‍ വന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഡ്യൂട്ടി തടസപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് റിറ്റ് ജോബിനെ ആശുപത്രിയില്‍ നിന്ന് തന്നെ പിടികൂടുകയായിരുന്നു. ജിറ്റ് ജോബിനെയും രാഹുലിനെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സ നല്‍കിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അന്നേ ദിവസം ഇരിങ്ങാലക്കുട ചെറാക്കുളം ബാറിന് മുന്‍വശത്ത് വെച്ച് 14ഓളം പേര് ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് രാഹുലിന്റെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിറ്റ് ജോബ് ആളൂര്‍ പോലീസ സ്റ്റേഷന് പരിധിയിലെ ഒരു വധശ്രമക്കേസിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ്. ജിറ്റ് ജോബ് ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വധശ്രമക്കേസിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്. രാഹുല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്, സബ് ഇന്‍സ്പെക്ടര്‍ സോജന്, എസ്ഐ സഹദ്, ജിഎസ്ഐ മുഹമ്മദ് റാഷി, ജിഎസ്സിപിഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.