എകെപി ജംഗ്ഷന്- ബസ് സ്റ്റാന്‍ഡ് റോഡ് മെറ്റലിടുന്നു

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡ് ടൈലിടുന്നതിന്റെ മുന്നോടിയായി മെറ്റലിട്ട് ബലപ്പെടുത്തുന്നു.
മുന്നറിയിപ്പില്ലാതെ അടച്ചതോടെ യാത്രക്കാര്‍ വലഞ്ഞു
ഇരിങ്ങാലക്കുട: മുന്നറിയിപ്പില്ലാതെ എകെപി ജംഗ്ഷന്- ബസ് സ്റ്റാന്‍ഡ് റോഡ് നഗരസഭ അടച്ചുകെട്ടിയത് വാഹനയാത്രക്കാരെ വലച്ചു. കാലങ്ങളായി തകര്‍ന്ന് കുളമായ ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡാണ് ടൈലിടുന്നതിന്റെ ഭാഗമായി നഗരസഭ വഴി അടച്ചുകെട്ടിയത്. നഗരത്തിലെ പ്രധാനപ്പെട്ട, തിരക്കേറിയ റോഡുകളിലൊന്നാണിത്. തൃശൂരില്നിന്നുവരുന്ന ബസുകളും സിവില്‍ സ്റ്റേഷന് വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. എല്‍ഐസി ഓഫീസടക്കം നിരവധി സ്ഥാപനങ്ങളും ഈ റോഡിലുണ്ട്.
മുന്നറിയിപ്പില്ലാതെ അടച്ചുകെട്ടിയതിനെത്തുടര്ന്ന് വാഹനങ്ങള്‍ ഇതിനേക്കാളും കൂടുതല്‍ തകര്‍ന്നുകിടക്കുന്ന ബൈപാസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതേസമയം ഇപ്പോള്‍ മെറ്റലിടല് മാത്രമാണ് ചെയ്യുന്നതെന്നും ഓണം കഴിഞ്ഞ് എട്ടാം തീയതിക്കുശേഷം ടൈലിടുമെന്നും നഗരസഭാ ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് പറഞ്ഞു. റോഡ് തകര്‍ന്ന് യാത്ര ദുഷ്കരമായതിനെത്തുടര്‍ന്നാണ് ടൈലിടാന്‍ തീരുമാനിച്ചത്. എന്നാല്‍,
ഇപ്പോള്‍ ടൈലിട്ടാല്‍ ഓണക്കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനകം മെറ്റലിട്ട് ലവലിംഗ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. റോഡുപണി സംബന്ധിച്ച് പോലീസിനെയും സമീപത്തെ വ്യാപാരികളെയും അറിയിച്ചിരുന്നതായും പോലീസിന് രേഖാമൂലം കത്തുനല്‍കിയിരുന്നതായും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. പലതവണ ടാറിട്ടിട്ടും ഫലപ്രദമാകുന്നില്ലെന്നുകണ്ടാണ് നഗരസഭ ഈ ഭാഗം ഇപ്പോള്‍ ടൈലിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തിരണ്ടര ലക്ഷം രൂപയാണ് ഇതിനായി പാസാക്കിയിരിക്കുന്നത്.