ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ തൊഴില്‍ മേളയില്‍ തൊഴില്‍ നേടിയത് 48 പേര്; 211 പേര് കമ്പനികളുടെ ഷോര്‍ട്ട് ലിസ്റ്റുകളിലും

നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെയും വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെയും ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ നടന്ന പ്രാദേശിക തൊഴില്‍മേള ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെയും വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെയും ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ പ്രാദേശിക തൊഴില്‍ മേളയിലൂടെ തൊഴില്‍ നേടിയത് 48 പേര്. തൊഴില്‍ അന്വേഷകരായി എത്തിയ 304 പേരില്‍ 211 പേര് പങ്കെടുത്ത 32 കമ്പനികളുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടൗണ്‍ ഹാളില്‍ നടന്ന തൊഴില്‍മേള നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മേള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ചെയര്പേഴ്സണ്മാര് തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് സ്വാഗതവും നഗരസഭ ജോബ്സ്റ്റേഷന് കണ്‍വീനറും സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ കെ.ജി. അനില്‍ നന്ദിയും പറഞ്ഞു.