ക്രൈസ്റ്റിലെ മെഗാ ഓണസദ്യ വിഭവസമൃദ്ധം, കെങ്കേമം

എന്റമ്മോ, ഇതെവിടന്ന് തുടങ്ങും... ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥികള്‍ ഒരുക്കിയ 399 ഇനങ്ങള്‍ വിളമ്പിയ മെഗാ ഓണസദ്യയില്‍ കൈപ്പമംഗലം എംഎല്‍എ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ ഇലയില്‍ ചോറു വിളമ്പുന്നു.
399 ഇനങ്ങള്‍ വിളമ്പി ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടായിരുന്നു ഓണസദ്യ
ഇരിങ്ങാലക്കുട: 56 തരം പായസം, 83 തരം തോരന്‍, 57 സൈഡ് കറികള്‍, 58 ചമ്മന്തി, 57 അച്ചാറുകള്‍, 19 വറവ് ഇനങ്ങള്‍, 64 മധുരപലഹാരങ്ങള്‍ കൂടാതെ ഉപ്പ്, ചോറ്, നെയ്യ്, പരിപ്പ്, പഴം ആകെ 399 ഇനങ്ങള്‍…ഇതായിരുന്നു ക്രൈസ്റ്റിലെ മെഗാ ഓണസദ്യ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ കൊമേഴ്സ് സെന്‍ഫ് ഫിനാന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള മെഗാ ഓണസദ്യ ഒരുക്കിയത്. 2016 മുതല്‍ തന്നെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഇത്തരമൊരു സദ്യ ഒരുക്കാറുണ്ട്. വിദ്യാര്‍ഥികള്‍ വീടുകളില്‍ തയാറാക്കിയ വിഭവങ്ങളായിരുന്നു ഇന്നലെ നടന്ന മെഗാസദ്യയില് വിളമ്പിയത്.
കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ എന്നിവര്‍ ഉപ്പ് ഇലയില്‍ വിളമ്പി മെഗാസദ്യക്ക് തുടക്കമിട്ടു. കൈപ്പമംഗലം എംഎല്‍എ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ ഇലയില്‍ ചോറു വിളമ്പിയും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് സാമ്പാര്‍ വിളമ്പിയും സദ്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന മെഗാസദ്യയില് പൊതുജനങ്ങളും വിദ്യാര്‍ഥികളും അടക്കം ആയിരത്തോളം പേര് പങ്കുകൊണ്ടു.
ഇരിങ്ങാലക്കുട സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിപിന്‍ പാറമേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. 2022 ല്‍ 339 വിഭവങ്ങളുമായി നടത്തിയ മെഗാ ഓണസദ്യ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരുന്നു. സദ്യവിഭവങ്ങള്‍ രുചിച്ചു നോക്കി കാനഡയിലെ ബ്രിഡ്ജ്മാന്സ് കമ്പനിയുടെ എക്സിക്യുട്ടീവ് ഷഫ് എവിന്‍ അബി ഔദ്യോഗികമായി സര്‍ട്ടിഫിക്കറ്റ് നല്കി.
കോഡിനേറ്റര്‍ ഇ.എല്‍. സിജി, കോമേഴ്സ് വിഭാഗം തലവന്‍ പ്രഫ. കെ.ജെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, 1974 ബികോം ബാച്ചിലെ ഗായകന് കൂടിയായ എ.വി. ഡേവീസ് അക്കരക്കാരന്‍ എന്നിവര്‍ ഓണക്കാലത്തെ ഗാനങ്ങള്‍ ആലപിച്ചു. ഷാര്‍ജയിലെ ഒയാസിസ് കമ്പനിയുടെ സിഇഒ വേണുഗോപാല്‍മേനോന്‍, ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ് സിഇഒ കെ.ജി. അനില്‍കുമാര്‍, ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി എന്നിവര്‍ സന്നിഹിതരായിരുന്നു.
