ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം സൂപ്പര്‍ ഹബ്, ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ്സ് കോളജില്‍

ധാരണാപത്രം ഒപ്പു വച്ചപ്പോള്‍. ഡോ. മുഹമ്മദ് അലി ഖാന് (ചെയര്മാന് സൂപ്പര്‍ ക്യു) കൃഷ്ണ ഗണേഷ് (സിഇഒ) മനോജ് ജോസഫ് (ചീഫ് ബിസിനസ് ഓഫീസര്‍), രൂപേഷ് പരീഖ് (ചീഫ് ഫിനാന്‍സ് ഓഫീസര്‍), സിസ്റ്റര്‍ ഡോ. ഫ്ലവററ്റ്, സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, ഡോ. മാത്യു ചന്ദ്രക്കുന്നേല്‍, ഡോ. ടി.വി. ബിനു, ഷെറിന് ജോസ് എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗത്ത് ഒരു ചരിത്രപരമായ മുന്നേറ്റത്തിന് വഴിയൊരുക്കി, ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ്സ് കോളജ് രാജ്യത്തെ ആദ്യത്തെ ക്വാണ്ടം സൂപ്പര്‍ ഹബ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ആഗോള ക്വാണ്ടം ടെക്നോളജി ലീഡറായ സൂപ്പര്‍ക്യു ക്വാണ്ടം കമ്പ്യൂട്ടിംഗ് ഇങ്ക്, സാങ്കേതികവിദ്യാ സേവന ദാതാക്കളായ ആര്നോവ ഇന്റലിജന്‍സ് എന്നിവരുമായി ചേര്‍ന്നാണ് ഈ സംരംഭം. സൂപ്പര്‍ക്യു സിഇഒ ഡോ. മുഹമ്മദ് അലി ഖാന്, സൂപ്പര്ക്യുവിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ മനോജ് ജോസഫ്, പ്രമുഖ ക്വാണ്ടം ഭൗതികശാസ്ത്ര വിദഗ്ധന്‍ ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, സിസ്റ്റര്‍ ഡോ. ഫ്ലവററ്റ്, ഐക്യൂഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു എന്നിവര്‍ ഈ ചരിത്രപരമായ നീക്കത്തില്‍ പങ്കാളികളായി. ക്വാണ്ടം കമ്പ്യൂട്ടിംഗ് സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക, ഒപ്പം ലോകോത്തര ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഈ ഹബ്ബിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ക്വാണ്ടം ഇന്നൊവേഷന്റെ ഒരു ദേശീയ, ആഗോള കേന്ദ്രമായി ഈ ഹബ്ബിനെ മാറ്റുക എന്നതാണ് ലക്ഷ്യം.