കളിയാരവങ്ങളില്ല, സൗഹൃദ കൂട്ടായ്മകളുമില്ല… മഹാത്മാ പാര്‍ക്കില്‍ ഇനി വാഴയും കുലക്കും

കാടു കയറിയ ഇരിങ്ങാലക്കുട മഹാത്മ പാര്‍ക്കില്‍ വാഴകള്‍ മുളച്ചുപൊന്തിയ നിലയില്‍.
അവഗണന നേരിടുന്നത് അഖില കേരള ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെയും ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പുകളുടെയും ചരിത്രമുള്ള കളിയിടം
ഇരിങ്ങാലക്കുട: ഇത് വെറുമൊരു പാര്‍ക്കല്ല, കായിക രംഗത്ത് ഏറെ ഗതകാല സ്മരണകള്‍ ഇരമ്പുന്ന കളികളമായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയില്‍ വന്നപ്പോള്‍ സഞ്ചരിച്ചിരുന്ന റോഡായ മഹാത്മാ റോഡിനരികെയാണ് ഈ പാര്‍ക്ക്. കൂടല്‍മാണിക്യം വാര്‍ഡില്‍ രാഷ്ട്ര പിതാവിന്റെ പേരിലുള്ള ഈ പാര്‍ക്കില്‍ ഭരണാധികാരികളുടെ അവഗണന മൂലം വാഴകളും കാടും പുല്ലും വളര്‍ന്നിരിക്കുകയാണ്. തൊണ്ണൂറുകളില്‍ ആള് കേരള ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടന്ന വേദി കൂടിയാണിത്.
2006 മുതല്‍ 2017 വരെ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്, യംഗ്സ്റ്റേഴ്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പും ഇവിടെ നടന്നിരുന്നു. ഒഴിവ് ദിനങ്ങളിലും അവധിക്കാലത്തും ക്രിക്കറ്റ് ഉള്‍പ്പടെയുള്ള കളികള്‍ക്കായി കുട്ടികള്‍ ധാരാളമായി മഹാത്മാ പാര്‍ക്കില്‍ എത്തിയിരുന്നു. നഗരത്തിരക്കില്‍ നിന്നുമാറി മഹാത്മാ ലൈബ്രറിക്ക് അഭിമുഖമായുള്ള പാര്‍ക്ക് ഒരു കാലത്ത് സാംസ്കാരിക നായകന്മാരുടെയും വിജ്ഞാനദാഹികളുടെയും കൂടിച്ചേരലിനും തുറന്ന ചര്‍ച്ചകള്‍ക്കുമുള്ള ഒരു തുറന്ന ഇടമായിരുന്നു.
വയോജനങ്ങള്‍ പ്രഭാത നടത്തത്തിനായും സൗഹൃദ സംഭാഷണത്തിനായ ഒത്തുചേരലിനും ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. നാശോന്മുഖമായിരിക്കുന്ന ഈ പാര്‍ക്കിലെ രണ്ട് ഇരിപ്പിടങ്ങള്‍ അനാഥമായ കാഴ്ചയാണിപ്പോഴുള്ളത്. കൂടല്‍മാണിക്യ ഉത്സവക്കാലത്ത് കാട്ടൂര്‍, കാറളം തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ സ്വകാര്യ വണ്ടികള്‍ പാര്‍ക്ക് ചെയ്യാനും പാര്‍ക്ക് ഉപയോഗപ്പെടുത്തിയിരുന്നു. പട്ടണത്തിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ടാര്‍ മിക്സ് ചെയ്യാനും റോഡുപണികളുടെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാനുള്ള കേന്ദ്രമായി അടുത്ത വര്‍ഷങ്ങളായി മഹാത്മാ പാര്‍ക്ക് മാറുകയായിരുന്നു. പാര്‍ക്ക് വ്യത്തിയാക്കാനും പുല്ല് വെട്ടാനുമുള്ള ഒരു ശ്രമങ്ങളും അധികൃതര്‍ നടത്തിയിട്ടില്ല എന്നുള്ളത് ഏറെ വിമര്‍ശനങ്ങളുയര്‍ന്നു.
എന്നാല്‍ അമ്യത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയുടെ പാര്‍ക്ക് നവീകരണ പദ്ധതിക്ക് ഭരണാനുമതി കിട്ടി കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്തില്‍ നന്നള്‍ സാങ്കേിക അനുമതി മാത്രമേ ബാക്കി ഉള്ളൂവെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഗ്യാലറി, നടപ്പാത, കുട്ടികള്‍ക്കായി ഊഞ്ഞാല് അടക്കമുള്ള സൗകര്യങ്ങള്‍, ഓപ്പണ്‍ ജിം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 ജൂലൈയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ക്ക് ഉപയോഗിക്കുന്നതും അനുവദിക്കുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച അംഗീകാരം നല്കിയ ബൈലോക്ക് വിരുദ്ധമായാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം പദ്ധതികളുടെ പേരും പറഞ്ഞ് എറെ ചരിത്രമുള്ള ഒരു കളിയിടത്തെ അവഗണിക്കുന്ന നിലപാടില്‍ പ്രതിഷേധം ഉയരുന്നുണ്ട്.