കൂടല്‍മാണിക്യം ആനയൂട്ട്; കൊമ്പ് കോര്‍ത്ത് ആനകള്‍, പാപ്പാന് താഴെ വീണ് പരിക്ക്

കൂടല്‍മണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിനു മുന്നില്‍ നടന്ന ആനയൂട്ടിനുശേഷം കുളക്കാടന്‍ കുട്ടികൃഷ്ണന്, അമ്പാടി മഹാദേവന് എന്നീ ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നു.
കുളക്കാടന്‍ കുട്ടികൃഷ്ണന് 15 ദിവസത്തെ വകുപ്പ് തല നിരോധനം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിനു മുന്നില്‍ നടന്ന ആനയൂട്ടിനുശേഷം ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇന്നലെ രാവിലെ നടന്ന ആനയൂട്ട് കഴിഞ്ഞ ഉടന്‍ കുളക്കാടന്‍ കുട്ടികൃഷ്ണന്, അമ്പാടി മഹാദേവന് എന്നീ ആനകള്‍ തമ്മിലാണ് കൊമ്പുകോര്‍ത്തത്. ആനയൂട്ട് സമാപിച്ചതിനുശേഷം ഗണപതി അമ്പലത്തിനു മുന്നില്‍ കുളക്കാടന്‍ കുട്ടികൃഷ്ണന് എന്ന ആനയെ തൊഴിയിക്കാനായി തിരഞ്ഞപ്പോഴാണ് അനിഷ്ട സംഭവം നടന്നത്. സോഷ്യല്‍ ഫോറസ്റ്ററി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഉടന്‍തന്നെ ബന്ധപ്പെട്ടവര്‍ ഇരു ആനകളെയും സംഭവ സ്ഥലത്തു നിന്നും മാറ്റി. ഇതിനിടയില്‍ കുളക്കാടന്‍ കുട്ടികൃഷ്ണന് എന്ന ആനയുടെ പാപ്പാന് ഷൈജു താഴെവീണ് തോളിന് ചെറിയ പരിക്ക് പറ്റി.
അമ്പാടി മഹാദേവന് എന്ന ആനക്ക് ഇടത്തെ കൊമ്പിന് താഴെ ചെറിയ പരിക്കേറ്റിട്ടുണ്ട്. പൊടുന്നനെ ഉണ്ടായ ചിഹ്നം വിളിയും ആനകളുടെ കൊമ്പു കോര്‍ക്കലും കൊട്ടിലാക്കല്‍പറമ്പില്‍ ആനയൂട്ടിന് എത്തിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പരിഭ്രാന്തരാക്കി. ആനകള്‍ കൊമ്പു കോര്ത്തയുടനെ ജനങ്ങള്‍ പലവഴിക്കും ചിതറി ഓടി. പോലീസും എലിഫന്റ് സ്ക്വാഡും സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഇരു ആനകളുടെയും രേഖകള്‍ എല്ലാം പരിശോധിച്ചു ഉറപ്പുവരുത്തിയതാണെന്ന് സോഷ്യല്‍ ഫോറസ്റ്ററി പറഞ്ഞു. ആനകളെ ഉടന്‍ വാഹനത്തില്‍ മാറ്റി കൊണ്ടുപോയി.
അമ്പാടി മഹാദേവനെ ആദ്യം കുത്തിയ കുളക്കാടന്‍ കുട്ടികൃഷ്ണന് എന്ന ആനക്ക് 15 ദിവസത്തെ വകുപ്പ് തല നിരോധനം ഏര്‍പ്പെടുത്തിയതായി ചാലക്കുടി സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.എസ്. സൗമ്യ പറഞ്ഞ. അന്വേഷണത്തിന് പരിശോധനക്കും ശേഷം മാത്രമേ നിരോധനം മാറ്റുകയുള്ളൂ. കനത്ത മഴയിലും ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ ആനയൂട്ടില്‍ പങ്കെടുക്കുവാനും കാണുവാനും കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ എത്തിയിരുന്നു. ആനയൂട്ടിന്റെ സുരക്ഷിതമായ നടത്തിപ്പിനു സോഷ്യല്‍ ഫോറസ്റ്ററി ഉദ്യോഗസ്ഥര്‍, ഇരിങ്ങാലക്കുട പോലീസ്, എലിഫന്റ് സ്ക്വാഡ്, വളണ്ടിയര്‍മാര്‍ എന്നിവര്‍ മേല്‍നോട്ടത്തിന് ഉണ്ടായിരുന്നു. ആനകള്‍ക്ക് മുന്നില്‍ പ്രത്യേക ബാരിക്കേഡ് കെട്ടിതിരിച്ചാണ് ആനയൂട്ട് നടത്തിയത്.