മാര്‍ക്കറ്റ് റോഡില്‍ വാരികുഴി: അപകടത്തില്‍പ്പെടുന്നത് നിരവധി വാഹനങ്ങള്‍

ഇരിങ്ങാലക്കുട മാര്‍ക്കറ്റ്- കുരിശങ്ങാടി റോഡിലെ വാരികുഴിയില്‍ വീണ തടികയറ്റി എത്തിയ ലോറി.
റോഡില്‍ കമ്പിയില്ലാ കോണ്‍ക്രീറ്റിംഗ്, ഒരുമാസം പോലും ആയുസില്ല
ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് – ഇരട്ടക്കപ്പേള റോഡില്‍ തകര്‍ന്നഭാഗത്ത് ഇട്ടിരുന്ന കോണ്‍ക്രീറ്റിംഗിന് വിള്ളല്‍. കമ്പിയില്ലാതെയാണ് കോണ്‍ക്രീറ്റിംഗ് നടത്തിയിരുന്നത്. ജൂലൈ അവസാനത്തോടെയാണ് ഇവിടെ കോണ്‍ക്രീറ്റിംഗ് പണികള്‍ പൂര്‍ത്തീകരിച്ചത്. 1.90 ലക്ഷം രൂപ വകയിരുത്തി നഗരസഭാ പ്രദേശത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തിയപ്പോഴാണ് ഈ റോഡിലും കോണ്‍ക്രീറ്റിംഗ് അടക്കമുള്ള അറ്റകുറ്റപണികള്‍ നടത്തിയത്. ആഴമേറിയ കുഴികളുള്ളിടത്ത് കോണ്‍ക്രീറ്റിംഗും മറ്റിടങ്ങളില്‍ ഷെല്മാര്ക്കും വച്ചുമാണ് കുഴികളടച്ചത്.
കോണ്ഗ്രീറ്റിംഗിനുള്ളില് കമ്പിയില്ലാത്തതിനാല് പ്രവര്‍ത്തികളില്‍ നടക്കുന്ന സമയത്തുതന്നെ സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തിനു വിലകല്പിക്കാതെയാണ് കോണ്‍ക്രീറ്റിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ കോണ്‍ക്രീറ്റിംഗില്‍ വിള്ളല്‍ രൂപപ്പെട്ടു. ബസുകളും ലോറികളും മാര്‍ക്കറ്റിലേക്കുള്ള ഭാരമേറിയ വാഹനങ്ങളുമാണ് ഇതുവഴി കടന്നു പോകുന്നത്. കോണ്‍ക്രീറ്റിംഗ് നടത്തിയ ഭാഗത്തിനു സമീപം വാരികുഴിയാണ്. ഈ വാരികുഴിയില്‍ വാഹനങ്ങള്‍ വീഴുന്നത് നിത്യ സംഭവമായിട്ടുണ്ട്.
ഇതുമൂലം പലപ്പോഴും ഗതാഗതതടസം സംഭവിക്കാറുണ്ട്. നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് മുമ്പ് നടന്നിരിക്കുന്നത്. 2023 ഓക്ടോബര്‍ 23ന് മടത്തിക്കര ലൈനില്‍ മുക്കുളംവീട്ടില് മോഹനന്റെ മകന് ബിജോയ്(43)എന്ന യുവാവ് ഇവിടത്തെ കുഴിയില്‍ ബൈക്ക് മറിഞ്ഞാണ് മരണപ്പെട്ടത്. വലിയ കുഴികള്‍മൂലം തകര്ന്നുതരിപ്പണമായതിനെ തുടര്‍ന്ന് ഗതാഗതം അപകടകരമായ അവസ്ഥയിലായിരുന്നു. സഞ്ചാരയോഗ്യമല്ലാതായതോടെ ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ കുരിശങ്ങാടി കപ്പേള വഴി സ്വകാര്യ ബസുകള്‍ തിരിച്ചുവിടുകയുമുണ്ടായി. കൊടകര, ചാലക്കുടി ആമ്പല്ലൂര്‍ എന്നീ റൂട്ടിലോടുന്ന ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്. നാട്ടുക്കാരില്നിന്നും ബസുകാരില്‍ നിന്നും ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് നഗരസഭ അധികൃതര്‍ റോഡ് കോണ്‍ക്രീറ്റിംഗ് നടത്തിയത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ക്രീറ്റിംഗിനു വിള്ളല്‍ സംഭവിച്ചിരിക്കുന്നതും വാരിക്കുഴികള്‍ രൂപപ്പെട്ടതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.