കാടുകയറി വിസ്മൃതിയിലാണ്ട് ഉരിയച്ചിറ, പ്രതാപം വീണ്ടെടുക്കണമെന്ന് നാട്ടുക്കാര്

കാടും പടലവും നിറഞ്ഞ നിലയില്‍ ഉരിയചിറ പാടശേഖരം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ കിഴക്കേ അതിര്‍ത്തിയില്‍ മുരിയാട് പഞ്ചായത്തില്‍ പുല്ലൂരിനും ഇടയില്‍ പഴയകാലത്തെ പ്രധാന ജലസംഭരണികളിലൊന്നായ ഉരിയച്ചിറ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. ഒരു ഭാഗത്ത് ജീവശ്വാസത്തിനുവേണ്ടി വീര്‍പ്പുമുട്ടുമ്പോള്‍ മറുഭാഗത്ത് ഉരിയച്ചിറയുടെ ഉയിരെടുക്കുവാനുള്ള തത്രപ്പാടിലാണ് ഭൂമാഫിയ. ഒരുകാലത്ത് കാര്‍ഷിക ശുദ്ധജല ജലസേചനമേഖകളില് പ്രധാന ആശ്രയമായിരുന്നു ഉരിയചിറ. ഉരിയച്ചിറയിലെ ജലസമൃദ്ധിയില്‍ സമ്പന്നമായിരുന്നു പുല്ലൂര്‍, മുരിയാട്, അവിട്ടത്തൂര്‍ മേഖലയിലെ കാര്‍ഷികമേഖല.
പ്രകൃതി കനിഞ്ഞു നല്കിയ ജലവിതരണ സംവിധാനം. ഇപ്പോള്‍ ഈ ചിറ മുഴുവന്‍ കാടുകയറി കിടക്കുകയാണ്. 30 വര്‍ഷത്തോളമായി ഇവിടെ കൃഷിചെയ്യാതെ തരിശു കിടക്കുകയാണ്. എല്ലാ കന്നി മാസവും 10 ന് അടച്ച് മീന മാസം പകുതിയോടെ തുറക്കുന്ന രീതിയിലായിരുന്നു ചിറ കെട്ടിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. വേനല്‍ക്കാലത്ത് വെള്ളം നിറഞ്ഞ് വലിയൊരു ജലാശയം ഇവിടെ രൂപാന്തരപ്പെട്ടിരുന്നതായും പഴമക്കാര്‍ പറയുന്നു. ഇരിങ്ങാലക്കുട പട്ടണത്തിലും മുരിയാട് പഞ്ചായത്തിലും ഉള്‍പ്പെട്ട ഏകദേശം നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കിണറുകളിലും കുളങ്ങളിലും ജലസമ്പത്ത് നിലനിര്‍ത്താന്‍ ഈ ചിറക്കെട്ട് ഉപകരിച്ചിരുന്നു.
എന്നാല്‍ ഭൂമാഫിയകളുടെ വരവോടെ സ്വാഭാവിക തോടുകള്‍ പലതും ഇല്ലാതായി. അതോടെ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലെല്ലാം വേനലില്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയായി. നേരത്തെ ഉരിയച്ചിറയില് സംഭരിച്ചിരുന്ന ജലം കുറേശെയായും പിന്നീട് മുഴുവനായും പൊതുമ്പുചിറയിലെത്തി താഴെയുള്ള പുഞ്ചപ്പാടത്തെ നെല്‍കൃഷിയെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിച്ചിരുന്നു. പണ്ട് ഇരിങ്ങാലക്കുട ചന്തയ്ക്കെത്തിയിരുന്ന നൂറുകണക്കിന് കാളവണ്ടികളുടെ വിശ്രമസ്ഥലമായിരുന്നു ഉരിയച്ചിറ.
പട്ടണത്തിന്റെ കിഴക്കന്‍ കാര്‍ഷിക മേഖലയില്‍ നിന്നും കാര്ഷികോല്പന്നങ്ങളുമായി കാളവണ്ടിയില്‍ എത്തിയിരുന്നവര്‍ വിശ്രമിക്കുവാനും ഭക്ഷണം കഴിച്ചിരുന്നതും ഇവിടെയായിരുന്നു. നീന്താനും കുളിക്കാനും ഉപയോഗിച്ചിരുന്ന ഒരേക്കറോളം ഉണ്ടായിരുന്ന കുളത്തെ നവീകരണത്തോടെ ചെറുതാക്കി. 2010 ല്‍ കുളത്തിനു ചുറ്റും കരിങ്കല്‍ പടവുകള്‍കെട്ടി സംരക്ഷിക്കുവാനും വഴിയാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്രമൊരുക്കാനും നഗരസഭയുടെ നേതൃത്വത്തില്‍ നടപടിയുണ്ടായി.
ഏക്കറു കണക്കിന് വരുന്ന പടശേഖരം നികത്തുന്നതിനായി മണ്ണടിച്ചപ്പോള്‍ കൊടികുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു. മുരിയാട് പഞ്ചായത്തിന്റെ 100 ദിന പരിപാടികളിലോ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പച്ചക്കുട പദ്ധതിയിലോ ഉള്‍പ്പടുത്തി കൃഷിക്ക് സാഹചര്യമൊരുക്കുവാന്‍ അധികൃതര്‍ തയ്യാറാക്കണെന്നാണ് നാട്ടുക്കാരുടെ ആവശ്യം