ഓണാഘോഷങ്ങള്‍, ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി തൃശൂര്‍ റൂറല്‍ പോലീസ്

ഇരിങ്ങാലക്കുട: ഓണാഘോഷ പരിപാടികള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ക്രമസമാധാനവും നിയമപരിപാലനവും ഉറപ്പാക്കുന്നതിനും പൊതുജനങ്ങളില്‍ ആത്മവിശ്വാസവും സുരക്ഷാബോധവും വളര്‍ത്തുന്നതിനുമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നു.
അനധികൃത സ്പിരിറ്റ്, മദ്യം, രാസലഹരി, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ വ്യാപനവും വില്പനയും തടയുന്നതിനും വാഹനങ്ങളുടെ മറ്റു നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ജില്ലാ അതിര്‍ത്തികളിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ശക്തമായ വാഹന പരിശോധന, മൊബൈല്‍, ബൈക്ക് പട്രോളിംഗുകള്‍, മഫ്തി പോലീസിന്റെ രഹസ്യ നീരിക്ഷണം, സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പോലീസ് സേവനം, ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം, പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധന.
സ്ഥിരം കുറ്റവാളികള്‍, സ്റ്റേഷന് റൗഡി ലിസ്റ്റ് ഉള്‍പ്പെട്ടവര്‍ക്കെതിരെ കരുതല്‍ അറസ്റ്റ് നടപടികള്‍. സെന്‍സിറ്റീവ് മേഖലകളില്‍ ശക്തമായ പ്രത്യേക പട്രോളിംഗ്. എല്ലാ പോലീസ് സ്റ്റേഷന് പരിധികളെയും രണ്ട് സെക്ടറുകളിലായി തിരിച്ച് സ്റ്റേഷന് പരിധികളിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കവര്‍ ചെയ്യുന്ന രീതിയില്‍ ജീപ്പ്, ബൈക്ക്, കാല്‍നട പട്രോളിംഗ് എന്നിവ ഏര്‍പ്പെടുത്തും. ഓരോ സെക്ടറിലും 24 മണിക്കൂറും മൊബൈല്‍ പട്രോളിംഗ് ഉറപ്പാക്കും.
പട്രോളിംഗ് പാര്‍ട്ടിയിലുള്ള പോലീസ് ഓഫീസര്‍ക്ക് അവരുടെ പരിധിയില്‍ റോഡുകള്‍ തടസപ്പെടുന്നില്ല എന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. സാമൂഹ്യവിരുദ്ധരെ കസ്റ്റഡിയിലെടുക്കുകയും സംശയാസ്പദമായ ക്രിമിനല്‍ ഒളിത്താവളങ്ങള്‍ നിരന്തരം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.
ഡിവൈഎസ്പിമാരായ പി.ആര്. ബിജോയ് (സ്പെഷ്യല്‍ ബ്രാഞ്ച്), കെ.ജി. സുരേഷ് (ഇരിങ്ങാലക്കുട), പി.സി. ബിജുകുമാര്‍ (ചാലക്കുടി), വി.കെ. രാജു (കൊടുങ്ങല്ലൂര്‍), പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരായ ആര്. ബിജു (കയ്പമംഗലം), എം.കെ. ഷാജി (മതിലകം), എം.എസ്. ഷാജന് (ഇരിങ്ങാലക്കുട), ഇ.ആര്. ബൈജു (കാട്ടൂര്‍), എ.എസ്. സരിന് (അന്തിക്കാട്), എം.കെ. സജീവ് (ചാലക്കുടി), പി.കെ. ദാസ് (കൊടകര), അനില്‍കുമാര്‍ (വലപ്പാട്), മൃതരംഗന് (കൊരട്ടി), എന്‍.ബി. ഷൈജു (വാടാനപ്പിള്ളി), കെ. കൃഷ്ണന് (വെള്ളിക്കുളങ്ങര), ആദംഖാന് (പുതുക്കാട്), ബി.കെ. അരുണ്‍ (കൊടുങ്ങല്ലൂര്‍), സജിന്‍ ശശി (മാള), ബി. ഷാജിമോന്‍ (ആളൂര്‍), ആര്. കുമാര്‍ (മലക്കപ്പാറ) എസ്ഐ മാരായ ടി.ഡി. അനില്‍ (അതിരപ്പിള്ളി), കെ.എസ്. സുബിന്ദ് (ചേര്‍പ്പ്), ഇ.യു. സൗമ്യ (വനിത പി.എസ്) എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.