ആഫ്രിക്കന്‍ ഒച്ച്: ബക്കറ്റുകെണി ഉപയോഗിച്ച് കീഴ്പ്പെടുത്താമെന്ന് പഠനം

ആഫ്രിക്കന്‍ ഒച്ചുകളെ പിടികൂടാന്‍ ഉപയോഗിക്കുന്ന ബക്കറ്റ് കെണി
ഇരിങ്ങാലക്കുട: പൊതുജനാരോഗ്യത്തിനും കൃഷിക്കും ഗുരുതരഭീഷണിയായ ആഫ്രിക്കന്‍ ഒച്ചുകളെ ബക്കറ്റുകെണി ഉപയോഗിച്ച് കീഴ്പ്പെടുത്താമെന്ന് പഠനം. ആഫ്രിക്കന്‍ ഒച്ചുകളെകുറിച്ച് തൃശൂര്‍ വിമല കോളജ് ജന്തുശാസ്ത്രവിഭാഗം മുന്‍ മേധാവി ഡോ.പി. ഷീബ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവ വൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ.എ.വി. സുധികുമാര്‍, ഗവേഷണ വിദ്യാര്‍ഥിനി എം.എസ്. വിനീത എന്നിവര്‍ നടത്തിയ പഠനത്തിലാണിത്. ബക്കറ്റില്‍ കാബേജിന്റെ ഇലകളും അതിനുതാഴെ കോപ്പര്‍ സള്‍ഫേറ്റ് വെള്ളവുമൊഴിച്ച് ഇരുവശത്തും ചതുരത്തില്‍ ദ്വാരമിട്ട് മൂടിവച്ചു. 24 മണിക്കൂറിനുശേഷം തുറന്നുനോക്കിയപ്പോള്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ ചത്തുകിടക്കുന്നതായി കണ്ടെത്തി. ഏത് ഒച്ചിനെയും ഇതുപോലെ നശിപ്പിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പഠനം ഇക്കോളജി ആന്‍ഡ് ഇവൊല്യൂഷന്‍ എന്ന ശാസ്ത്രമാസികയുടെ അവസാനലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രശസ്ത ശാസ്ത്രപ്രസിദ്ധീകരണ കമ്പനിയായ ടെയിലര്‍ ആന്‍ഡ് ഫ്രാന്‍സിസ് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയാണിത്. ദേശീയ ശാസ്ത്രവ്യാവസായിക കൗണ്‍സിലിന്റെ സാമ്പത്തികസഹായത്തോടെയായിരുന്നു പഠനം. കര ഒച്ചുകളുടെ സവിശേഷതയെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യപഠനവും ആഗോളതലത്തിലെ മൂന്നാമത്തെ പഠനവുമാണിത്. ഈ പഠനത്തിന് മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡും വിനീതയ്ക്ക് ലഭിച്ചു. പഠനം ആഫ്രിക്കന്‍ ഒച്ചുകളുടെ നിയന്ത്രണത്തിനു പുതിയ വഴികള്‍ തുറക്കുന്നതായി ഗവേഷകര്‍ പറഞ്ഞു.
