കിണറുകളിലെ രാസമാലിന്യം; എന്വിയോണ്മെന്റല് ഫോറന്‍സിക് അനാലിസിസ് കൂടി നടത്താന്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍ദ്ദേശം നല്കി

കാട്ടൂരിലെ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു സംസാരിക്കുന്നു.
രണ്ട് കമ്പനികള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കും
ജലപരിശോധനാ ഫലത്തില്‍ ട്രീറ്റഡ് എ ഫ്ലുവെന്റില്‍ സിങ്ക്, കെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് എന്നീ ഘടകങ്ങള്‍ കൂടുതല്‍
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കമ്പനികളില്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സംയോജിത പരിശോധന നടത്തും
കാട്ടൂര്‍: മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ ജല മലിനീകരണ വിഷയത്തില്‍ മണ്ണിന്റെ പരിശോധന ഫലം വരുന്നത് വരെ രണ്ട് കമ്പനികള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. മന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തെത്തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയത്.
കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎം പഞ്ചായത്തിന് കൈമാറിയ ജലപരിശോധനാ ഫലത്തില്‍ ട്രീറ്റഡ് എ ഫ്ലുവെന്റില്‍ സിങ്ക്, കെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് എന്നീ ഘടകങ്ങള്‍ കൂടുതലായി കാണുന്നുണ്ട്. അതിന്റെ കൃത്യമായ സ്രോതസ്സും കാരണവും ശാസ്ത്രീയമായി കണ്ടെത്താനാണ് ഫോറന്‍സിക് പരിശോധന നടത്താനും ഫലം വരുംവരെ ആരോപണവിധേയമായ രണ്ടു സ്ഥാപനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാനും നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഈ രണ്ടു കമ്പനികള്‍ക്ക് നോട്ടീസ് നല്‍കാനും പ്രശ്നപരിഹാരത്തിന് വ്യവസായ വകുപ്പിനും സിഡ്കോയ്ക്കും കത്ത് നല്‍കാനും മന്ത്രി ഡോ. ബിന്ദു ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്കി. സ്ഥലം എംഎല്‍എ എന്ന നിലയില്‍ മന്ത്രിയും കത്ത് നല്‍കും. വേഗത്തില്‍ മണ്ണ് പരിശോധന ഫലം ലഭ്യമാക്കി കാട്ടൂര്‍ ഗ്രാമവാസികളുടെ ആശങ്കയകറ്റാനും ശാസ്ത്രീയ പരിശോധനകള്‍ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും താന്‍ കൂടെയുണ്ടാകും മന്ത്രി പറഞ്ഞു.
മലിനീകരണ ബോര്‍ഡിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കൃത്യമായ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഈ കമ്പനികളില്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സംയോജിത പരിശോധന നടത്തും. കാട്ടൂര്‍ മിനി എസ്റ്റേറ്റ് പരിസരത്ത് മലിനീകരണം ഉണ്ടോ എന്ന് പഠിക്കാന്‍ തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിനും ശാസ്ത്രീയ ജല പരിശോധനക്കായി സിഡബ്ല്യൂആര്‍ഡിഎം കോഴിക്കടിനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നേരത്തേ ചേര്‍ന്നിരുന്ന യോഗങ്ങളില്‍ നിര്‍ദേശം നല്‍കിയിരുന്നു.
കോഴിക്കോട് ജലഗവേഷണ കേന്ദ്രം ഈ പ്രദേശത്തെകിണറുകളില് നിന്നും ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധന ഫലങ്ങളില്‍ അമിത ലോഹസാന്നിധ്യമോ മറ്റ് അപകടകരമായ രാസ സാന്നിധ്യമോ കുടിവെള്ളത്തിന് നിഷ്കര്‍ച്ചിട്ടുള്ള അനുവദനീയമായ പരിധി ലംഘിച്ചതായി കാണുന്നില്ല. എന്നാല്‍ കിണര്‍ വെള്ളത്തില്‍ കാണുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കാണുന്നത് മറ്റു കാരണങ്ങള്‍ കൊണ്ടാണെന്നുള്ളതിനാല്‍ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള അഡീഷണല്‍ പഞ്ചായത്ത് ഡയറക്ടര്‍ ബിന്ദു പരമേശ്വരന്, പഞ്ചായത്ത് സെക്രട്ടറി വി. എ. ഉണ്ണികൃഷ്ണന്, തൃശ്ശൂര്‍ ഗവ എന്‍ജിനീയറിംഗ് കോളജ് അസോസിയേറ്റ് പ്രഫ. ഡോ. എ.ജി. ബിന്ദു, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മണ്ണിന്റെ പരിശോധനാ ഫലം അടുത്ത ദിവസം കൈമാറും. കിണറുകളില്‍ രാസമാലിന്യം കലര്‍ന്നതോടെ സമീപത്തെ 300 ഓളം കടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.