ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം കേരളത്തില്‍ നിന്നും രണ്ടു പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി

ഇന്‍ഡോഫാനസ് കേരളെന്‍സിസ്, ഇന്‍ഡോഫാനസ് സാഹ്യാദ്രിയെന്‍സിസ്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ കേരളത്തിലെ പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളില്‍ നിന്നും രണ്ട് പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി. മിര്‍മെലിയോണ്ടിഡേ കുടുംബത്തില്‍പ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓര്‍ഡറിലാണ് ഉള്‍പ്പെടുന്നത്. പാലക്കാട് ജില്ലയിലെ സൈരന്ധ്രി, ശിരുവാണി വനപ്രദേശങ്ങളും ഇടുക്കിയിലെ പാമ്പാടുംചോല ദേശീയോദ്യാന പ്രദേശത്താണ് ഇന്‍ഡോഫാനസ് കേരളെന്‍സിസ് എന്ന കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്. കേരളത്തിന്റെ പേരിലാണ് ഈ ജീവജാതിക്ക് പേര് നല്‍കിയത്. ശിരുവാണി (പാലക്കാട്), പക്ഷിപാതളം, തിരുനെല്ലി (വയനാട്), റാണിപുരം (കാസര്‍ഗോഡ്) എന്നീ വനപ്രദേശങ്ങളില്‍ നിന്നാണ് മറ്റൊരു ജീവജാതിയെ, ഇന്‍ഡോഫാനസ് സാഹ്യാദ്രിയെന്‍സിസ് കണ്ടെത്തിയത്.
ഇന്‍ഡോഫാനസ് ജനുസ് ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകനും, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ടി.ബി. സൂര്യനാരായണന്, ക്രൈസ്റ്റ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും എസ്ഇആര്‍എല്‍ മേധാവിയുമായ ഡോ. സി. ബിജോയ്, ഹംഗേറിയന്‍ ശാസ്ത്രജ്ഞന് ഡോ. ലെവിന്‍ഡി എബ്രഹാം എന്നിവര്‍ ആണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതോടെ കേരളത്തിലെ കുഴിയാന വലച്ചിറകന്മാരുടെ ജീവജാതികളുടെ എണ്ണം 12 ആയും, ഇന്ത്യയിലെ മൊത്തം എണ്ണം 110 ആയും ഉയര്‍ന്നു. കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ (എസ്ഇആര്‍എല്‍) ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.
