നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ജീവിതോത്സവം ചലഞ്ച് ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ തുടക്കം കുറിച്ചു

നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ജീവിതോത്സവം ചലഞ്ച് നടവരമ്പ് സ്കൂളില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ജീവിതോത്സവം ചലഞ്ചിന് നടവരമ്പ് സ്കൂളില്‍ തുടക്കം കുറിച്ചു. എന്‍എസ്എസ് ഇരിങ്ങാലക്കുട ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൗമാരക്കാര വിദ്യാര്‍ഥികളില്‍ മദ്യം മയക്കുമരുന്ന്, മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം, അക്രമവാസന ആത്മഹത്യാപ്രവണത തുടങ്ങി ദുശീലങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ 21 ദിവസം വിദ്യാര്‍ഥികള്‍ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളുമാണ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. ഈ ദുശീലങ്ങള്ക്കെതിരെ മനുഷ്യവലയം തീര്‍ത്തു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രന് ജീവിതോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്തംഗം മാത്യൂ പറേക്കാടന്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ കണ്‍വീനര്‍ ഒ.എസ്. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍, ഹൈസ്കൂള്‍ പ്രധാനധ്യാപിക എം.വി. ഉഷ, എംപിടിഎ പ്രസിഡന്റ് സനീജ സന്തോഷ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ.ബി. മഞ്ജു സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. സുമ നന്ദിയു രേഖപ്പെടുത്തി.