കടിയേറ്റവര്‍ ചികിത്സയില്‍; തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന് നല്കി

ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്ത് തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന് നൽകുന്നു.
ഇരിങ്ങാലക്കുട: മാര്‍ക്കറ്റില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ മൂന്നു പേര് ചികിത്സയില്‍ തുടരുകയാണ്. ഇവരെ കടിച്ച തെരുവുനായ്ക്കു പേവിഷബാധ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ വാക്സിനേഷന് നല്കി. ഇന്നലെ രാവിലെ മാര്‍ക്കറ്റ് പരിസരത്തും നഗരസഭ ഓഫീസിനു സമീപവുമാണ് തെരുവു നായ്ക്കള്‍ക്ക് വാക്സിനേഷന് നടത്തിയത്. 48 തെരുവുനായകള്‍ക്ക് വാക്സിനേഷന് നടത്തി. ഈ മാസം അവസാനത്തില്‍ നഗരസഭയുടെ മറ്റു പ്രദേശങ്ങളിലുള്ള തെരുവുനായ്ക്കള്‍ക്കും വാസക്സിനേഷന് നല്‍കും.
കുറച്ചുദിവസം മുമ്പ് ഷണ്മുഖം കനാല്‍ ബെയ്സിന് സമീപം നായ്കുട്ടിയുടെ കടിയേറ്റ് മൂന്നുപേര്‍ ചികിത്സയിലായിരുന്നു. ഈ നായ്കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടന്ന് വാക്സിനേഷന് നടപടികള്‍ നടത്തി. നഗരസഭയുടെയും വെറ്ററിനറി ആശുപത്രിയുടെ സഹകരണത്തോടയായിരുന്നു വാക്സിനേഷന് നടത്തിയത്. ഇരിങ്ങാലക്കുട വെറ്ററിനറി ആശുപത്രിയിലെ സീനിയര്‍ സര്ജന് ഡോ. അഷറഫ് അബ്ദുള്‍ റഹിമാന്‍, വെറ്ററിനറി സര്ജന് ഡോ.എം.ജി. സജീഷ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. അമ്പിളി, എ.എസ്. സൂര്യ, കെ.പി. പ്രമീള എന്നിവര്‍ നേതൃത്വംനല്കി.