91 വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം കഠിനതടവും പിഴയും

ബിജു.
ഇരിങ്ങാലക്കുട: 91 വയസുകാരിയായ വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗീകാതിക്രമം നടത്തി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും കൂടാതെ 15 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂര്‍ കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടില്‍ വിജയകുമാര്‍ എന്ന ബിജുവി (40) നെയാണ് കോടതി ശിക്ഷിച്ചത്. 2022 ആഗസ്റ്റ് മൂന്നിന് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയെ അടുക്കളയില്‍ നിന്നും ബലമായി എടുത്തു കൊണ്ടു പോയി റൂമില്‍ വെച്ച് പീഢിപ്പിക്കുകയും കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല ബലമായി ഊരിയെടുത്ത് കവര്‍ച്ച നടത്തുകയായിരുന്നു.
പ്രോസിക്യൂഷന് ഭാഗത്തുനിന്നും 29 സാക്ഷികളേയും 52 രേഖകളും 21 തൊണ്ടിവസ്തുക്കളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. അതിജീവിത സംഭവത്തിനുശേഷം എട്ട് മാസത്തിനകം മരണപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും ലഭിച്ച പ്രതിയുടെ രോമങ്ങള്‍ സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം കണ്ടെടുത്ത സ്വര്‍ണ്ണമാലയും കേസില്‍ പ്രധാന തെളിവായി. കൂടാതെ സംഭവ സ്ഥലത്തിന്റെ സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കും മറ്റും പ്രതിക്ക് എതിക്കെതിരായ തെളിവായി. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. അന്നത്തെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ അനീഷ് കരീം, ജിഎസ്ഐമാരായ കെ.ആര്. സുധാകരന്, കെ.വി. ജസ്റ്റിന്, എഎസ്ഐ മെഹറുന്നീസ എന്നവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എസ്എച്ച്ഒ അനീഷ് കരീം ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യശിക്ഷാ നിയമപ്രകാരം ബലാത്സംഗ കുറ്റത്തിനും കവര്‍ച്ചയ്ക്കും ഇരട്ട ജീവപര്യന്തവും ഭവനഭേദന കുറ്റത്തിന് 10 വര്‍ഷം കഠിനതടവിനും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ച് വര്‍ഷം കഠിനതടവും കൂടാതെ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 16 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതി ജീവിതയുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരമായി നല്കുവാന് ഉത്തരവില്‍ വ്യവസ്ഥയുണ്ട്.