കോന്തിപുലം തടയണയ്ക്ക് 12.06 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായി: മന്ത്രി ഡോ. ആര്. ബിന്ദു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോള്‍ മേഖലയിലെ കോന്തിപുലം ചിറയില്‍ തടയിണ നിര്‍മ്മിക്കാന്‍ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. സിവില്‍, മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത് 2023- 24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി തുക നീക്കി വച്ചിരുന്നു.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്കി കഴിഞ്ഞതായും മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ ജലത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ക്രമപ്പെടുത്താനാകും.
ഇത് മുരിയാട്, ആനന്ദപുരം, മാപ്രണം, ഇരിങ്ങാലക്കുട, പൊറത്തിശേരി, പറപ്പൂക്കര മേഖലകളിലെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും. പദ്ധതിയുടെ ഭാഗമായ സിവില്‍ വര്‍ക്കുകള്‍ക്കായി 9,15,18,000 രൂപയുടെയും മെക്കാനിക്കല്‍ വര്‍ക്കുകള്‍ക്കായി 2,91,00,000 രൂപയും അനുവദിച്ചാണ് സാങ്കേതിക അനുമതി ലഭ്യമായിരിക്കുന്നത്- മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.