ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സംരക്ഷണ കവചം ഒരുക്കും: സംരക്ഷണ സമിതി

കെഎസ്ആര്‍ടിസി സംരക്ഷണ സമിതി സംഘടിപ്പിച്ച സംരക്ഷണ സദസ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജീവനക്കാരുടെ ലഭ്യതക്കുറവു ചൂണ്ടിക്കാട്ടി നിരവധി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയ ഇരിങ്ങാലക്കുട ഡിപ്പോ അടച്ചു പൂട്ടാതിരിക്കാന്‍ നാട്ടുകാര്‍ സംരക്ഷണ കവചമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി സംരക്ഷണ സമിതി സംഘടിപ്പിച്ച സംരക്ഷണ സദസ് പ്രഖ്യാപിച്ചു. താന്‍ ഗവ ചീഫ് വിപ്പ് ആയിരിക്കുമ്പോള്‍ 2016 ല്‍ ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററിനെ സബ് ഡിപ്പോ ആക്കി ഉയര്‍ത്തുകയും, പോള്‍ മെല്ലിറ്റ് എന്ന അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ നിയമിക്കുകയും ചെയ്തെങ്കിലും തന്റെ പിന്‍ഗാമികളായി എത്തിയ ജനപ്രതിനിധികളുടെ കെടുകാര്യസ്ഥത മൂലം ഇതിനെ വീണ്ടും ഓപ്പറേറ്റിംഗ് സെന്ററായി വ്യാഖ്യാനിക്കുകയുമാണ് ഉണ്ടായതെന്ന് സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു.
തനിക്ക് മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞത് നാട്ടുകാരുടെ പിന്തുണ കൂടി ഉണ്ടായതു കൊണ്ടാണ്. താന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ ഇവിടെ നിന്ന് 28 സര്‍വ്വീസുകള്‍ നടത്തിയിരുന്നതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. മറിച്ചുള്ള പ്രസ്താവനകള്‍ സത്യവിരുദ്ധമാണെന്നും ഉണ്ണിയാടന് വ്യക്തമാക്കി. ചടങ്ങില്‍ സംരക്ഷണ സമിതി ചെയര്മാന് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ സേതുമാധവന് പറയംവളപ്പില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, കെ.എം സന്തോഷ്, അമ്പിളി ജയന്, സ്മിത കൃഷ്ണകുമാര്‍, ഭാരതീയ വിദ്യാഭവന് ചെയര്മാന് ടി. അപ്പുക്കുട്ടന് നായര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ഐ. നജാഹ്, റിട്ട തഹസില്‍ദാര്‍ ശ്രീധരന് മുതിരപ്പറമ്പില്‍, ഹരികുമാര്‍ തളിയക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.