വാറണ്ടുമായെത്തിയ പോലീസിനെകണ്ട് കുളത്തില്‍ചാടി; നിരവധി കേസിലെ പ്രതി അറസ്റ്റില്‍

ആഷിക്ക്.
ഇരിങ്ങാലക്കുട: അറസ്റ്റ് വാറണ്ടുമായെത്തിയ പോലീസിനെ കണ്ട് കുളത്തില്ചാടിയ, നിരവധി ക്രമിനല്കേസികളിലെ പ്രതി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം സ്വദേശി വടക്കന്‍വീട്ടില്‍ ആഷിക്ക് (ആച്ചു – 34) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2021ല്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി സൗഹൃദത്തിലായ പ്രതി യുവതിയോട് രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും ഈ തുക നല്‍കാത്തതിലുള്ള വൈരാഗ്യത്താല്‍ യുവതിയുടെ ഫോട്ടോകളും വീഡിയോകളും അശ്ലീലസന്ദേശങ്ങളും യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടേയും ഫോണിലേക്ക് അയച്ചുകൊടുത്ത് യുവതിക്ക് മാനഹാനി വരുത്തിയ കേസിലെ പ്രതിയാണ് ആഷിക്ക്.
സംഭവത്തിൽ ഇരിങ്ങാലക്കുട സൈബര്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്ത് മുങ്ങിനടന്നിരുന്ന ആഷിക്കിനെ പിടികൂടുന്നതിനായി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ആഷിക്ക് കൊടുങ്ങല്ലൂര്‍ ഭാഗത്തുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് പിടികൂടാനായി എത്തിയ അന്വേഷണസംഘത്തെകണ്ട് ആഷിക്ക് രക്ഷപ്പെടുന്നതിനായി സമീപത്തുള്ള കുളത്തിലേക്ക് ചാടി. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്സും പോലീസുംചേര്‍ന്ന് അനുനയിപ്പിച്ച് കരയ്ക്കുകയറ്റിയാണ് ആഷിക്കിനെ അറസ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധികളിലായി വധശ്രമക്കേസിലും മോഷണക്കേസുകളിലും അടിപിടിക്കേസിലും അടക്കം പത്ത് ക്രമിനല്കേസുകളിലെ പ്രതിയാണിയാൾ.