ക്രൈസ്റ്റ് കോളജില്‍ യുവജാഗരണ്‍ ക്യാമ്പയിന് സമാപിച്ചു

കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, എന്‍എസ്എസ്, കെഎസ്ആര്‍ടിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എയ്ഡ്സ് ബോധവത്കരണ പദ്ധതിയായ യുവജാഗരണില് പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, എന്‍എസ്എസ്, കെഎസ്ആര്‍ടിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എയ്ഡ്സ് ബോധവത്കരണ പദ്ധതിയായ യുവജാഗരണ്‍ നാട്യ കലാരൂപങ്ങളിലൂടെ തൃശൂര്‍ ജില്ലയില്‍ നടത്തി. പരിപാടിയുടെ ഭാഗമായി മലപ്പുറം യുവഭാവന ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പാവ നാടകവും ജില്ലാതല വാന്‍ ക്യാമ്പയിനും ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. വര്‍ഗീസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു, ഇരിങ്ങാലക്കുട ഐസിടിസി കൗണ്‍സിലര്‍ നീതു എന്നിവര്‍ സംസാരിച്ചു. പരിപാടിയിലൂടെ 500ഓളം വിദ്യാര്‍ഥികള്‍ക്ക് എയ്ഡ്സ് സംബന്ധിച്ച ബോധവത്ക്കരണം ലഭിച്ചു. നിരവധി എന്‍എസ്എസ് വളണ്ടിയേര്‍സും, അധ്യാപകരും പങ്കെടുത്തു. ജില്ലാ തലത്തില്‍ നാല് കലാസംഘങ്ങളാണ് യുവജാഗരണ്‍ പദ്ധതിയില്‍ പങ്കെടുത്തത്.
മിസ്റ്റിക് എറ സംഘം മാജിക് ഷോ മുഖേന, തണ്ണീര്മുകം സദാശിവന് സംഘം കഥാപ്രസംഗത്തിലൂടെ, വയനാട് നാട്ടുകൂട്ടം കുറവരശു കളി മുഖേന, യുവഭാവന ക്ലബ് പാവ നാടകത്തിലൂടെയും എയ്ഡ്സ് ബോധവത്ക്കരണം നടത്തി. ഈ കലാരൂപങ്ങള്‍ ജില്ലയിലെ 80ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മെഡിക്കല്‍ സ്ഥാപനങ്ങളിലും, ജയിലുകളിലും അരങ്ങേറി. ആയിരക്കണക്കിന് യുവാക്കളിലേക്കും പൊതുജനങ്ങളിലേക്കും എയ്ഡ്സ് ബോധവല്‍ക്കരണ സന്ദേശം എത്തിച്ചു. യുവജാഗരണ്‍ പദ്ധതിയുടെ സമാപനഘട്ടം തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ പാവ നാടകത്തോടും വാന്‍ ക്യാമ്പയിനോടും കൂടി സമാപിച്ചു.