പോലീസ് സ്റ്റേഷനില്‍ സ്ഥലമില്ല തൊണ്ടി വാഹനങ്ങള്‍ക്ക് വഴിയോരത്ത് വിശ്രമം

ആളൂര്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കല്ലേറ്റുംകരയിലെ റോഡരികില്‍.
ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടവുമില്ല
ആളൂര്‍: വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ റോഡരുകില്‍ സൂക്ഷിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ആളൂര്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇങ്ങനെ റോഡരികില്‍ സൂക്ഷിച്ചിട്ടുള്ളത്. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനു സമീപത്തെ സഹകരണബാങ്ക് വക കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിലാണ് ആളൂര്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചുവരുന്നത്. സ്റ്റേഷനോടു ചേര്‍ന്ന് വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ ഇരുവശത്തുമായാണ് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കൊണ്ടിടുന്നത്.
വെയിലും മഴയും കൊണ്ട് നാശോന്മുഖമായ അവസ്ഥയിലാണ് ഈ വാഹനങ്ങളില്‍ പലതും. ആളൂര്‍ പോലീസ് സ്റ്റേഷന് വേണ്ടത്ര സൗകര്യങ്ങളോടു കൂടിയ സ്വന്തം കെട്ടിടമില്ലാത്തതു കൊണ്ടാണ് തൊണ്ടിമുതലായ വാഹനങ്ങള്‍ ഇങ്ങനെ റോഡരികില്‍ കൊണ്ടിടേണ്ടിവരുന്നത്. നിന്നുതിരിയാനിടമില്ലാത്ത ഇടുങ്ങിയ മുറികളിലാണ് ഇവിടെ പോലീസുകാര്‍ ജോലിച്ചെയ്യുന്നത്. പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.