ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതി പൊതുമ്പു ചിറയോരം നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയായ പൊതുമ്പു ചിറയോരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയായ പൊതുമ്പു ചിറയോരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ട് അമ്പതു ലക്ഷം രൂപയും ഇരിങ്ങാലക്കുട എംഎല്‍എയുടെ വികസനനിധിയില്‍ നിന്നും 25 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിന്റെ 21 ലക്ഷം രൂപയും കൂടി ഉപയോഗപ്പെടുത്തിയാണ് പൊതുമ്പു ചിറയോരം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതി പ്രദേശത്തേക്കുള്ള ആമ്പിപ്പാടം- പൊതുമ്പുചിറ റോഡ് എംഎല്‍എ ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചിരുന്നു. സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ട്, എംഎല്‍എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ സംയോജിപ്പിച്ചു കൊണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.
പൂര്‍ത്തിയായ ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. പ്രശാന്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന്, തൃശൂര്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംദാസ്, ബ്ലോക്ക് പഞ്ചായത്ത്, മുരിയാട്, വേളൂക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. എ. ബാലചന്ദ്രന്, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിത രവി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സിമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.