പടിയൂര്‍ പുളിക്കലച്ചിറ പഴയപാലം പൊളിച്ചുതുടങ്ങി, പായമ്മല്‍ പടിയൂര്‍ റോഡില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചു
അരിപ്പാലം: പടിയൂര്പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോടംകുളംപുളിക്കലച്ചിറ പാലം പുനര്‍നിര്‍മാണത്തിന്റെ മുന്നോടിയായി പഴയ പാലം പൊളിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി താത്കാലിക റോഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങള്‍ ഈ പാതയിലൂടെ കടന്നുപോകുന്നത് പൊതുമരാമത്തുവിഭാഗം നിരോധിച്ചു.
നിലവിലുള്ള പാലം പൊളിച്ചുനീക്കുമ്പോള്‍ ഇതുവഴിയുള്ള യാത്രാദുരിതം ഒഴിവാക്കുവാനാണ് പാലത്തിന്റെ വടക്കുഭാഗത്തായിട്ട് ഇരുവശത്തും തെങ്ങിന്‍മുട്ടികള്‍ സ്ഥാപിച്ച് ബലപ്പെടുത്തി മണ്ണിട്ട് റോഡ് നിര്‍മിച്ചിരിക്കുന്നത്. മധ്യത്തിലൂടെ പോകുന്ന തോട്ടില്‍ സ്ഥാപിക്കുന്നതിനുള്ള വലിയ സിമന്റ് പൈപ്പുകളും എത്തിയിട്ടുണ്ട്.
താത്കാലിക റോഡ് ഉള്‍പ്പെടുത്തി സമര്‍പ്പിച്ച 162 ലക്ഷത്തിന്റെ പുതിയ പദ്ധതിക്ക് ജൂലായ് ആദ്യവാരമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായിട്ടാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാംവാര്‍ഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന തോടിനു കുറുകെയാണ് പാലം നില്‍ക്കുന്നത്.
നാലമ്പല തീര്‍ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഭക്തജനങ്ങളുടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്. 2018ലും 19ലും ഉണ്ടായ പ്രളയത്തില്‍ പാലത്തിന്റെ വീതിക്കുറവുമൂലം വെള്ളം തടഞ്ഞുനിന്ന് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായിരുന്നു. ഇതേത്തുടര്‍ന്നാണ് വീതി കൂട്ടി പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഭരണാനുമതിക്കുപിന്നാലെ സാങ്കേതികാനുമതിയും ലഭിച്ച 1.62 കോടി രൂപയുടെ പുതിയ പാലത്തിന് രണ്ടുതവണ ടെണ്ടര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആളുണ്ടായിരുന്നില്ല. മൂന്നാമത്തെ ടെണ്ടറിലാണ് ഒരാള്‍ പങ്കെടുത്തത്.