മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം നൂറു ദിന പരിപാടിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച 25 വീടുകളുടെ താക്കോല്‍ദാനകര്‍മ്മം നിര്‍വഹിച്ചു കൊണ്ട് മുരിയാട് പഞ്ചായത്ത് മൂന്നാം വര്‍ഷവും നടപ്പിലാക്കുന്ന നൂറു ദിന കര്‍മ്മപരിപാടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
225 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന 10 പദ്ധതികളാണ് മൂന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഉദ്ഘാടന വേദിയില്‍ വച്ച് നാടിന് സമര്‍പ്പിച്ചത്. 400ല്‍ അധികം ഗുണഭോക്താക്കള്‍ മൂന്നാം നൂറ് ദിനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ പഞ്ചായത്തിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായി. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി മന്ത്രി ഡോ. ബിന്ദു പ്രഖ്യാപിക്കുകയും സര്ട്ടിഫിക്കേഷന് വിതരണം ചെയ്യുകയും ചെയ്തു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ക്ഷേമകാര്യ സമിതി ചെയര്മാന് സരിത സുരേഷ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് സെക്രട്ടറി കെ.പി. ജസീന്ത സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.