വൈവിധ്യങ്ങളായ നൂറിലധികം കുരിശുകള്‍ നിര്‍മിച്ച് മതബോധന വിദ്യാര്‍ഥികള്‍ വിശ്വാസ പ്രഘോഷണത്തിന് വേദിയൊരുക്കി

അരിപ്പാലം കര്‍മലമാത ഇടവകയില്‍ മതബോധന വിദ്യാര്‍ഥികള്‍ നിര്‍മിച്ച വൈവിധ്യങ്ങളായ കുരിശുകള്‍ വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍ വെഞ്ചരിക്കുന്നു.
അരിപ്പാലം: വിശാസ പ്രഘോഷണത്തിനൊപ്പം സര്‍ഗാത്മക കഴിവുകളുടെ പരിപോഷണത്തിനും വേദിയൊരുക്കുന്നതായിരുന്നു മതബോധന വിദ്യാര്‍ഥികളുടെ കുരിശു നിര്‍മാണം. അരിപ്പാലം കര്‍മലമാത ഇടവകയിലെ മതബോധന വിദ്യാര്‍ഥികളാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ ഭാഗമായി അധ്യാപകരുടേയും മാതാപിതാക്കളുടേയും സഹകരണത്തോടെ 100 ലധികം കുരിശുകള്‍ നിര്‍മിച്ചത്. കുട്ടികളുടെ ഹൃദയങ്ങളില്‍ ക്രിസ്തു സങ്കല്പം ആഴത്തില്‍ പതിപ്പിക്കാന്‍ സഹായിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യമെന്ന് വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍ പറഞ്ഞു. ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ.ഡോ. കിരണ്‍ തട്ട്ള മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ ഫാ. ജോളി വടക്കന്‍ വചന സന്ദേശം നല്കി. റവ.ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കു ശേഷം കുട്ടികള്‍ നിര്‍മിച്ച കുരിശുകളുടെ വെഞ്ചരിപ്പു കര്‍മവും കുരിശുകളുടെ പ്രദര്‍ശനവും നടത്തി.