സ്കൂട്ടര്‍ യാത്രക്കാരനു നേരെ ആക്രമണം; മൂന്നു പേര് അറസ്റ്റില്‍

മുഹമ്മദ് ജസീല്‍, ഷിഫാസ്, ശരത്ത് ദാസ്.
ഇരിങ്ങാലക്കുട: സ്കൂട്ടറില്‍ കാര്‍ ഇടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ സ്കൂട്ടര്‍ യാത്രക്കാരനെ ആക്രമിച്ച പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതികളായ മൂന്ന് പേര് അറസ്റ്റില്‍. മതിലകം കൂളിമുട്ടം സ്വദേശി പാമ്പിനേഴത്ത് വീട്ടില്‍ മുഹമ്മദ് ജസീല്‍ (22), കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരം സ്വദേശി അടിമപറമ്പില്‍ വീട്ടില്‍ ഷിഫാസ് (23), കരൂപടന്ന നെടുങ്കാണത്ത്കുന്ന് സ്വദേശി കളത്തിപറമ്പില്‍ വീട്ടില്‍ ശരത്ത് ദാസ് (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചത്തിരിഞ്ഞ് 4.30 ന് കോണത്തുകുന്ന് വെച്ച് വള്ളിവട്ടം ബോധിഗ്രാം സ്വദേശി പുളിംപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷംസുദ്ദീന് ഓടിച്ചു വന്നിരുന്ന സ്കൂട്ടറില്‍ പ്രതികള്‍ സഞ്ചരിച്ചു വന്നിരുന്ന കാര്‍ ഇടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ പരാതിക്കാരനെ അസഭ്യം പറയുകയും ഇരുമ്പുപൈപ്പ് കൊണ്ടും കൈ കൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിക്കുയും ചെയ്തു.
ഷിഫാസ് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, എറണാംകുളം ടൗണ്‍ സൗത്ത്, കാസര്‍ഗോഡ് എന്നീ പോലീസ് സ്റ്റേഷന് പരിധികളിലായി മൂന്ന് മോഷണക്കേസുകളിലും, രണ്ട് അടിപിടിക്കേസുകളിലും, മയക്കു മരുന്ന് വില്പനക്കായി കൈവശം സൂക്ഷിച്ച ഒരു കേസിലും, അശ്രദ്ധമായി വാഹനമോടിച്ചതില്‍ ഒരാള്‍ക്ക് ഗുരുതര പിരക്കേല്ക്കാന് ഇടയായ കേസിലും അടക്കം ആകെ ഏഴ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ശരത് ദാസ് ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസുകളിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, മനുഷ്യജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ച ഒരു കേസിലും അടക്കം ഏഴ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആര്. കൃഷ്ണ പ്രസാദ്, ജിഎസ് സിപിഒ മാരായ എം.ആര്. രഞ്ജിത്ത്, പി.ജി ഗോപകുമാര്‍, കെ.എ തോമാച്ചന്, കമല്‍കൃഷ്ണ, ഉമേഷ് കൃഷ്ണന്, എം.എ. കിഷോര്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.