സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദം വിവാദത്തില്‍

ഇരിങ്ങാലക്കുട പൊറത്തിശേറി കണ്ടാംരം തറയില്‍ നടന്ന കലുങ്ക് സൗഹൃദ സഭയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിക്കുന്നു.
എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; നിങ്ങളുടെ അല്ല രാജ്യത്തിന്റെ മന്ത്രിയാണ് ഞാന്‍’…സഹായം തേടിയ വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി
ഇരിങ്ങാലക്കുടയിലെ പരിപാടിക്കിടെ ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്
ഇരിങ്ങാലക്കുട: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സദസില്‍ വീണ്ടും വിവാദം. ഇന്നലെ രാവിലെ ഇരിങ്ങാലക്കുട പൊറത്തിശേരി കണ്ടാരംതറയില്‍ നടന്ന കലുങ്ക് സൗഹൃദ സഭയിലാണ് സംഭവം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കാമോ എന്നായിരുന്നു വൃദ്ധ ചോദിച്ചത്. മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി അതിന് നല്കിയ മറുപടി. മുഖ്യമന്ത്രിയെ തിരക്കിപ്പോകാന്‍ പറ്റുമോയെന്ന് വൃദ്ധ ചോദിച്ചപ്പോള്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നാണ് സുരേഷ് ഗോപി പരിഹാസത്തോടെ പറഞ്ഞത്.
”കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ കാണൂ” സുരേഷ് ഗോപി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. ഉടന്‍ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ, ”എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്”. ഇതോടെ ചുറ്റും കൂടിനിന്നവര്‍ എല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്തു.
‘സാര്‍ നിങ്ങള്‍ ഞങ്ങളുടെ മന്ത്രിയല്ലേ ‘ എന്ന് വയോധിക തിരിച്ച് ചോദിച്ചു. ‘അല്ല ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. അതിനുള്ള മറുപടിയും ഞാന്‍ നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആ തുക ഇഡിയില്‍ നിന്ന് സ്വീകരിക്കാന്‍ പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് വീതിച്ച് തരാന്‍ പറയൂ’ – സുരേഷ് ഗോപി പറഞ്ഞു. ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്.
ഇരിങ്ങാലക്കുടയുടെ സമഗ്ര വികസനത്തിന് വേണ്ടി വികസന കാഴ്ചപ്പാടുകള്‍ പൊതുജനങ്ങളില്‍ നിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. തന്റെ അധികാരപരിധിയില്‍ വെച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നല്ല ധാരണയുണ്ടെന്നും എംപി സ്ഥാനത്തിരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപ എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത് അതിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ 75-ാം പിറന്നാള്‍ ദിനമായതിനാല്‍ പ്രത്യേകം തയ്യാറാക്കിയ നമോ ടീസ്റ്റാളില്‍ മധുര പലഹാരങ്ങളും, പ്രഭാത ഭക്ഷണവും വിതരണം ചെയ്ത ശേഷം കേന്ദ്രമന്ത്രി മടങ്ങി.
ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നേതൃത്വം വഹിച്ച കലുങ്ക് സൗഹൃദ വികസന സംവാദത്തില്‍ തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷന്‍ എ.ആര്. ശ്രീകുമാര്‍, മണ്ഡലം പ്രഭാരി കെ.പി. ഉണ്ണികൃഷ്ണന്, സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, രാമചന്ദ്രന് കോവില്‍ പറമ്പില്‍, രമേഷ് അയ്യര്‍, അജയന് തറയില്‍, ടി.കെ. ഷാജു, സുചി നീരോലി, സല്ഗു തറയില്‍, മായ അജയന്, പി.എസ്. അനില്‍കുമാര്‍, ശ്യാംജി, രിമ പ്രകാശ്, അഖിലാഷ് വിശ്വനാഥന്, ടി.ഡി. സത്യന്‍ദേവ്, സിന്ധു സതീഷ്, വത്സല നന്ദനന്‍, രാധാകൃഷ്ണന് കിളിയന്ത്ര, ശെല്വന്, കെ.പി. അഭിലാഷ്, ഏരിയ പ്രസിഡന്റുമാരായ സൂരജ് കടുങ്ങാടന്‍, ലിഷോണ്‍, സൂരജ് നമ്പ്യാങ്കാവ്, കെ.എം. ബാബുരാജ്, സന്തോഷ് കൊഞ്ചാത്ത്, സതീഷ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.