കൂടല്‍മാണിക്യം കഴക നിയമനം; വിധിലംഘനം നടന്നിട്ടില്ലെന്ന് ദേവസ്വം

കൂടല്‍മാണിക്യം ക്ഷേത്രം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കഴക നിയമനവുമായി ബന്ധപ്പെട്ട് നിയമലംഘനം ഉണ്ടായതായി തോന്നുന്നുണ്ടെങ്കില്‍ കോടതിയിലാണ് ബോധിപ്പിക്കേണ്ടതെന്ന് ദേവസ്വം ഭരണസമിതി. 1984ല്‍ കൂടല്‍മാണിക്യത്തില്‍ കഴകം തസ്തികയില്‍ താത്കാലിക ജീവനക്കാരനെ നിയമിച്ചിരുന്നു. അദ്ദേഹത്തിന് 1995ല്‍ സ്ഥിരം നിയമനവുമായി. പിന്നീട് 2020ല്‍ ഇദ്ദേഹം വിരമിച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ നിയമനം നടന്നതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദേവസ്വത്തിനെതിരായി ഹൈക്കോടതിയില്‍ നല്കിയ കേസ് തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കെ.എസ്. അനുരാഗിന്റെ നിയമനം നടത്തിയതെന്ന് ദേവസ്വം വ്യക്തമാക്കി. കോടതിയില്‍ ദേവസ്വത്തിനെതിരായി നല്കിയ ഹര്‍ജിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനോ, ഹര്‍ജിക്കാരന്റെ ഭാഗം തെളിയിക്കാനോ സാധിക്കാതിരുന്നതിനാലാണ് ഹര്‍ജി തള്ളിയതെന്ന് ചെയര്മാന് അഡ്വ. സി.കെ. ഗോപി പറഞ്ഞു.
ഹര്‍ജിക്കാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്ന് മാത്രമേ ഹൈക്കോടതി പറഞ്ഞിട്ടുള്ളു. അല്ലാതെ നിയമനം നടത്തരുതെന്ന് കോടതി വിധിയില്‍ ഇല്ലെന്നും അത്തരത്തില്‍ ഒരു ഉത്തരവ് സിവില്‍ കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ല.സര്‍ക്കാരിന്റെയും കോടതിയുടെയും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെയും തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ദേവസ്വം ഭരണസമിതിയുടെ ഉത്തരവാദിത്വം.
അത് ചെയ്യാതെ വരുമ്പോഴാണ് കോടതി വിധിയുടെ ലംഘനമാകുന്നതെന്നും ചെയര്മാന് ചൂണ്ടിക്കാട്ടി. അനുരാഗ് ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെയും ക്ഷേത്രത്തിനുള്ളില്‍ പ്രശ്നങ്ങള്‍ ഒന്നും ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അനുരാഗിന്റെ നിയമനവുമായി ബന്ധപ്പെട്ട ദേവസ്വം യോഗത്തില്‍ തന്ത്രി പ്രതിനിധി പങ്കെടുത്തിട്ടില്ല. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തിക ആചാരപ്രകാരം ഉള്ളതല്ലെന്നും ദേവസ്വം ചെയര്മാന് ചൂണ്ടിക്കാട്ടി.
ദേവസ്വത്തില്‍ നിന്ന് വിരമിച്ച വ്യക്തി വീണ്ടും ക്ഷേത്രത്തില്‍ മാല കെട്ടുന്നത് സംബന്ധിച്ച വിഷയത്തില്‍ കോടതിയില്‍ കേസ് നടക്കുകയാണ്. തന്ത്രിമാര്‍ക്ക് ഇടയില്‍ നിന്നുവരെ ഈ വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ അദ്ദേഹം ക്ഷേത്രത്തിനുള്ളില്‍ താമരമാല കെട്ടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. എന്നാല്‍ അമ്പലവാസികളായവര്ക്ക് കഷേത്രത്തിൽ എവിടെയിരുന്നു വേണമെങ്കിലും തുളസിമാല കെട്ടാനും ഭഗവാന് സമര്‍പ്പിക്കാനും അനുവാദമുള്ളതിനാല്‍ അദ്ദേഹത്തെ പൂര്‍ണമായും വിലക്കാന്‍ ഭരണസമിതിക്ക് കഴിയില്ല. ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയ്കുമാര്‍, രാഘവന് മുളങ്ങാടന്‍, കെ. ബിന്ദു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.